മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ ചൊല്ലിയുള്ള ആശങ്കകള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. എന്നാല്‍, ആരാധകര്‍ കാത്തിരിക്കുന്ന ഈ ചിത്രം യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ ഒട്ടുമില്ല പൃഥ്വിരാജിന് സംശയം. ലൂസിഫര്‍ പിറന്നത് ഇപ്പോള്‍ അഭിനയിച്ചു തീര്‍ത്ത ടിയാന്റെ സെറ്റിലാണെന്ന് വെളിപ്പെടുത്തുന്നു പൃഥ്വി. ടിയാന്റെ ചിത്രീകരണം കഴിഞ്ഞ വിവരം അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. ലൂസിഫറിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിറകെ ചിത്രത്തിലെ മോഹന്‍ലാന്റെ ലുക്കിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകര്‍. പലരും സ്വന്തം ഭാവനയ്ക്കനുസരിച്ച് ലാലിനെ ലൂസിഫറാക്കി ആഘോഷിച്ചു.

ഹനീഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ടിയാനിലെ അസ്ലനാണ് താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമെന്നും പൃഥ്വി പറഞ്ഞു. ജീവിതത്തില്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് എനിക്കുറപ്പുള്ള ഒരുപാട് വിലയേറിയ പാഠങ്ങള്‍ പഠിപ്പിച്ചുതന്നിരിക്കുയാണ് അസ്ലന്‍. ഇതുവരെ എനിക്കുവേണ്ടി എഴുതപ്പെട്ട ഏറ്റവും സങ്കീര്‍ണമായ ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കാനായത് വലിയൊരു ബഹുമതിയാണ്. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രൊഡക്ഷന്‍ കൂടിയാണ് ടിയാന്‍ എന്ന കാര്യത്തിലും സംശയമില്ല. സെറ്റിനോടാണോ അതോ അസ്ലന്‍ എന്ന കഥാപാത്രം എന്നോടാണോ വിടപറയുന്നതെന്ന് ആശ്ചര്യപ്പെടുകയാണെന്നും ഒരു നടനെയും അയാളുടെ ആത്മാവിനെയും ഇത്രമേല്‍ സ്വാധീനിച്ച കഥാപാത്രങ്ങള്‍ വളരെ വിരളമായേ ഉണ്ടാകൂവെന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിന്റെ പോസ്റ്റ് വായിക്കാം

ടിയാന്റെ സെറ്റില്‍ നിന്ന് അവസാനമായി നടന്നകലുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. ഞാന്‍ സെറ്റിനോടാണോ അതോ അസ്ലന്‍ എന്നോടാണോ യാത്ര പറയുന്നത്. അവനവനേക്കാള്‍ ആഴത്തില്‍, സ്വന്തം ബോധതലത്തേക്കാള്‍ അഗാധതയില്‍ നിന്ന് ഇത്രമേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഏറെയുണ്ടൊ എന്ന് സംശയമാണ്. ഒരുപാട് പാഠങ്ങള്‍ പകര്‍ന്നുതരുന്നുണ്ട് അസ്ലന്‍.... ഇനിയുള്ള ജീവിതത്തില്‍ നിന്ന് ഞാന്‍ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ഉറപ്പുള്ള പാഠങ്ങള്‍. എനിക്കുവേണ്ടി എഴുതപ്പെട്ട ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമെന്ന് ഞാന്‍ വിശ്വസിക്കുന്ന അസ്ലന് ജീവന്‍ നല്‍കാന്‍ സാധിച്ചത് വലിയൊരു ബഹുമതി തന്നെയാണ്. മലയാളത്തില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രൊഡക്ഷനാണിത് എന്നതിലും സംശയമില്ല. റെഡ് റോസിന്റെ കൃഷ്ണകുമാറിനോടും മുരളിയോടും ഹനീഫ് മുഹമ്മദിനോടും നന്ദിയുണ്ട്. ഇവരുടെ ആത്മസമര്‍പ്പണം ഒന്നു മാത്രമാണ് ടിയാന്‍ സാക്ഷാത്കരിക്കപ്പെടാന്‍ കാരണം. സ്‌കൂള്‍ കാലത്തെ അനുസ്മരിപ്പിച്ച്, എന്നത്തേയുംപോലെ ഓരോ ഷോട്ടിനും തല്ലുകൂടിയും തര്‍ക്കിച്ചും എതിര്‍ത്തും ഒടുവില്‍ ഏട്ടന്‍ ഇന്ദ്രജിത്തിനൊപ്പം ഷോട്ടുകള്‍ മോണിട്ടറില്‍ കാണുമ്പോള്‍ രഹസ്യമായി പരസ്പരം അംഗീകരിച്ചുമാണ് ആ ദിവസങ്ങള്‍ കഴിഞ്ഞുപോയത്. പിന്നെ ഒരു കാര്യം കൂടി കുറിക്കാന്‍ ഞാന്‍ വിട്ടുപോയി. ലൂസിഫര്‍ പിറന്നത് ടിയാന്റൈ സെറ്റുകളിലായിരുന്നു.