താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് പിന്നാലെ ഉരുത്തിരിഞ്ഞ ഇരിപ്പിട വിവാദത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. ചടങ്ങിൽ നിന്നുമുള്ള ചിത്രം പങ്കുവച്ചായിരുന്നു ടിനിയുടെ പരിഹാസരൂപേണയുള്ള പ്രതികരണം.

Aarkkum seat illa 😂🙏 lalettanu polum

Posted by Tiny Tom on Sunday, 21 February 2021

‘ ആർക്കും സീറ്റ് ഇല്ല, ലാലേട്ടനു പോലും’ -എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ പ്രസംഗിക്കുമ്പോൾ തൊട്ടുപുറകിൽ നിൽക്കുന്ന ടിനി, ഹണി റോസ്, രചന നാരായണൻകുട്ടി, ശ്വേത മേനോൻ എന്നിവരുടെ ചിത്രം ടിനി പങ്കുവച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചതിന് പിന്നാലെ മറ്റൊരു ചിത്രവുമായി ടിനി വീണ്ടും രം​ഗത്തെത്തി.

വേദിയിൽ ഇരിക്കുന്നവരുടെ പുറകിലായി നിൽക്കുന്ന ഹണി റോസ്, രചന, ശ്വേത എന്നിവരെ ചിത്രത്തിൽ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.‘ ഇവർ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കില്ലെന്നെ’ -എന്നായിരുന്നു നിൽക്കുന്ന സുന്ദരിമാർ എന്ന കുറിപ്പോടെ ടിനി പങ്കുവച്ചത്.

Ivar irikaan paranjaal irikillanay .standing beauties

Posted by Tiny Tom on Monday, 22 February 2021

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കൊച്ചിയിൽ അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം കഴിഞ്ഞത്. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ​ഹിച്ചത്. ചടങ്ങിന് ശേഷം പുറത്തു വന്ന ചടങ്ങിൻ്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഉദ്ഘാടന വേദിയിൽ സംഘടനയിലെ വനിത അംഗങ്ങൾക്ക് കസേര നൽകിയില്ല എന്ന രീതിയിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്. ഉദ്ഘാടന ശേഷം പുരുഷ താരങ്ങൾ വേദിയിൽ കസേരയിൽ ഇരിക്കുകയും എക്സിക്യൂട്ടീവ് അം​ഗങ്ങളായ രചനയും ഹണി റോസും വേദിക്കരികിൽ നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. മലയാളസിനിമയിലെ ആൺമേൽക്കോയ്മയാണ് ഫോട്ടോയിലൂടെ വ്യക്തമാകുന്നതെന്ന വിമർശനങ്ങളും ശക്തമായി. സിനിമയിലെ തന്നെ നിരവധി പേർ ഇതിനെതിരേ പ്രതികരണവുമായി രം​ഗത്തെത്തുകയും ചെയ്തു.

എന്നാൽ, ഈ വിമർശനങ്ങൾ ബുദ്ധിശൂന്യമായ പ്രവൃത്തിയാണെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നുമാണ് രചന പ്രതികരിച്ചത്.

Content Highlights : Tini Tom On Amma Controversy Rachana Honey Rose