സമൂഹ മാധ്യമമായ ടിക് ടോകിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ടിക് ടോക് താരം ഫൈസല്‍ സിദ്ധിക്കിയുടെ അക്കൗണ്ട് നിരോധിച്ചു. ഒന്നിലധികം മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. 

ഫൈസലിന് 13 മില്ല്യണിലധികം ഫോളോവേഴ്‌സാണ് ടിക് ടോകിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഞ്ചിച്ചതിന് കാമുകിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്ന കാമുകന്റെ ടിക് ടോക് എന്ന പേരില്‍ ഒരു വീഡിയോ ഫൈസല്‍ പോസ്റ്റ് ചെയ്തത്. അതില്‍ തന്നെ പിന്നീട് വികൃതമായ മേക്കപ്പിട്ട് ആ പെണ്‍കുട്ടിയെ കാണിക്കുന്നുണ്ട്. 

ഇതിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലാകെ ഉയര്‍ന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫൈസലിനെതിരെ പ്രതികരിച്ചിരുന്നു. ഇതിനുശേഷമാണ് ടിക് ടോക് ഫൈസലിന്റെ വീഡിയോ ഒഴിവാക്കിയത്. 

ടിക് ടോകിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വീഡിയോ ഒഴിവാക്കി അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് ടിക് ടോക് പ്രതിനിധി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ കൈകൊള്ളുമെന്നും ഇവര്‍ അറിയിച്ചു. 

ഉപയോഗിക്കുന്നവരുടെ സുരക്ഷയാണ് മാധ്യമത്തിന് പ്രധാനമെന്നും അതിന്റെ ലംഘനമുണ്ടായാല്‍ തക്ക നടപടികള്‍ ഉടനടി സ്വീകരിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം മഹത്വവല്‍കരിക്കുന്നതോ ബന്ധപ്പെട്ടതോ ആയ ഒരു പ്രവൃത്തിയും പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും പത്രകുറിപ്പില്‍ പറയുന്നു.

ഈ തീരുമാനത്തിന് ടിക് ടോകിനെയും സംഭവത്തില്‍ ഇടപ്പെട്ടതിന് ദേശീയ വനിതാ കമ്മീഷനെയും ലക്ഷ്മി അഭിനന്ദിച്ചു. 'സമൂഹത്തിനെതിരായ വീഡിയോ അല്ലെങ്കില്‍ പ്രവൃത്തി എന്തുമാകട്ടെ അത് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല', എന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

Content Highlights: Tik Toker Faizal Siddiqui's account suspended over glorification of acid attack