പാട്ടുകള്‍ തമിഴ് സിനിമയുടെ അവിഭാജ്യഘടകമാണ്. എന്നാല്‍, വിശാല്‍ നായകനാവുന്ന തുപ്പറിവാളനില്‍ പാട്ടുകളില്ല. ചിത്രത്തില്‍ പാട്ടുകള്‍ വേണ്ടെന്ന് നായകന്‍ തന്നെയാണ് നിഷ്‌കര്‍ഷിച്ചത്. അതിനൊരു കാരണമുണ്ട്.
'ആദ്യന്തം ഉദ്വേഗഭരിതമായ രംഗങ്ങളിലൂടെയാണ് ചിത്രത്തിന്റെ പ്രയാണം. ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ത്രില്ലോടെ പ്രേക്ഷകര്‍ സിനിമ ആസ്വദിച്ചു കൊണ്ടിരിമ്പോള്‍, ആ ത്രില്ലിന് തടസ്സം ഉണ്ടാവരുത്. അതുകൊണ്ട് ഗാനരംഗങ്ങള്‍ വേണ്ടാ എന്ന് ഞാന്‍ തന്നെ സംവിധായകനോട് ആവശ്യപ്പെടുകയായിരുന്നു. കാരണം തുപ്പറിവാളനിലെ ഓരോ രംഗവും ആകാംക്ഷ നിറഞ്ഞതാണ്. അതിനിടയില്‍ ഞാന്‍ ഡ്യൂയറ്റും പാടി നടന്നാല്‍ പ്രേക്ഷകര്‍ എന്നെ ചീത്തവിളിക്കുകയും വിളിയ്ക്കും. മസാലകളില്ലാത്ത വിഷ്വല്‍ ട്രീറ്റോടു കൂടിയ ആക്ഷന്‍ ത്രില്ലറാണ് തുപ്പറിവാളന്‍ '-വിശാല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
'ഹോളിവുഡ് ഷെര്‍ലോക്ക് ഹോംസ് പോലെയുള്ള ഡിറ്റക്ടീവ് സിനിമയാണ് തുപ്പറിവാളന്‍. പോലീസിനെ അറിയുന്ന പോലെ ജനങ്ങള്‍ക്ക് ഡിറ്റക്ടീവുകളെക്കുറിച്ച് അറിയില്ല. ചില സന്ദര്‍ഭങ്ങളില്‍ പോലീസിനു തന്നെ ഇവര്‍ സഹായമാവാറുണ്ട്. കണിയന്‍ പൂങ്കുന്റന്‍ എന്ന ഡിറ്റക്ടീവ് നായക കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ആക്ഷന്‍ ത്രില്ലറാണിത്. ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായ ആക്ഷന്‍ രംഗങ്ങളാണ് തുപ്പറിവാളനില്‍ ഉള്ളത്. ഇതിലെ ഒരു സ്റ്റണ്ട് രംഗം വിയറ്റ്‌നാമില്‍ നിന്നും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെ വരുത്തിയാണ് ചിത്രീകരിച്ചത്.'-വിശാല്‍ പറഞ്ഞു.
വിശാലും സംവിധായകന്‍ മിഷ്‌കിനും ഒന്നിയ്ക്കുന്ന തുപ്പറിവാളന്‍ സെപ്റ്റംബര്‍ 14നാണ് പ്രദര്‍ശനത്തിനെത്തുന്നത്.