മീര്‍ ഖാന്‍, അമിതാബ് ബച്ചന്‍ എന്നിവര്‍ ഒന്നിച്ചെത്തുന്ന ആക്ഷന്‍ ഡ്രാമ 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാ'ന്റെ മേക്കിങ് വീഡിയോ തരംഗമാകുന്നു. വിജയ് ആചാര്യ കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് യഷ് രാജ് ഫിലിംസാണ്. ധൂം 3 ഇറങ്ങി ഒരു വലിയ ഇടവേളക്ക് ശേഷമാണ് വിജയ് ആചാര്യ കൃഷ്ണ തിരിച്ചെത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. കച്ചവടത്തിനായി ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലേക്ക് വന്ന കഥാപശ്ചാത്തലമാണ് സിനിമയിലേതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. 'പൈരേറ്റസ് ഓഫ് ദ കരീബിയന്‍' എന്ന ഹോളിവുഡ് ചിത്രവുമായി ഇതിന് സാമ്യമുണ്ടെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. 

വ്യത്യസ്തമായ ഗെറ്റപ്പിലാണ് ആമിര്‍ ഖാന്‍, അഭിഷേക് ബച്ചന്‍, ഫാത്തിമ സന ഷെയ്ക്ക്, കത്രീന കൈഫ് എന്നിവര്‍ ചിത്രത്തില്‍ എത്തുന്നത്. ആക്ഷന് പ്രാധാന്യം കൊടുക്കുന്ന സിനിമ ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.

കടലിലും കപ്പലിലുമായി നടക്കുന്ന യുദ്ധങ്ങള്‍ സിനിമയെ ആകര്‍ഷകമാക്കും. കാഴ്ചയുടെ പൂരം തന്നെയായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രണ്ടുലക്ഷം കിലോ തൂക്കമുള്ള രണ്ട് കപ്പലുകള്‍ ചിത്രത്തിനുവേണ്ടി നിര്‍മിക്കുകയുണ്ടായി. ഇതിന് മാത്രം ചെലവായത് കോടികളാണ്. ചിത്രത്തിന്റെ നിര്‍മാണ കണക്കുകളൊന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ചിത്രത്തിന് 250 കോടി രൂപയോളം നിര്‍മാണ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കപ്പല്‍ നിര്‍മാതാക്കളും അന്താരാഷ്ട്ര ഡിസൈനര്‍മാരുമായി ആയിരത്തിലധികം പേര്‍ ഒരു വര്‍ഷമെടുത്താണ് രണ്ട് കപ്പലിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. യൂറോപ്പിലെ മാള്‍ട്ട തീരത്താണ് ഇവ നങ്കൂരമിട്ടത്. ചിത്രത്തിന്റെ നല്ലൊരു ഭാഗവും ഈ കപ്പലുകളിലാണ് നടക്കുന്നത്. ഇന്ത്യയില്‍ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിലും ചിത്രീകരണം നടന്നു. നവംബര്‍ 8ന് ചിത്രം റിലീസ് ചെയ്യും.