-
നടി റിയ ചക്രവർത്തിക്കെതിരേ ബലാത്സംഗ ഭീഷണി മുഴക്കിയ രണ്ട് പേർക്കെതിരേ പോലീസ് കേസെടുത്തു. സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ റിയയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് നടിക്കെതിരെ ഇൻസ്റ്റാഗ്രാമിൽ ഇവർ ഭീഷണി മുഴക്കിയത്.
പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും മുംബൈ പോലീസ് വ്യക്തമാക്കി.
റിയ തന്നെയാണ് തനിക്കെതിരേ വന്ന ഭീഷണിയുടെ കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.
ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയും എന്നാണ് റിയയ്ക്ക് ലഭിച്ച സന്ദേശം. സന്ദേശമയച്ചയാൾക്കെതിരെ നടപടിക്കായി സൈബർ ക്രൈം പോലീസിന്റെ സഹായം തേടിയിരുന്നു റിയ.. സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഒരു കുറിപ്പും റിയ പങ്കുവെച്ചിരുന്നു.
റിയ പങ്കുവച്ച കുറിപ്പ്
'സ്വർണക്കടത്തുകാരിയെന്നു വിളിച്ചു. ഞാൻ പ്രതികരിക്കാൻ നിന്നില്ല. കൊലപാതകിയെന്നു വിളിച്ചു. അപ്പോഴും മിണ്ടിയില്ല. പലവട്ടം നാണം കെടുത്തി. അപ്പോഴൊന്നും ഞാൻ പ്രതികരിക്കാൻ പോയില്ല.
എന്റെ മൗനമാണോ നിങ്ങൾക്ക് ഇത്തരം സന്ദേശങ്ങൾ അയയ്ക്കാനുള്ള അനുവാദം തന്നത്? ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയുമത്രേ.
നിങ്ങൾ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ശരിക്ക് ചിന്തിച്ചിട്ടു തന്നെയാണോ ഇതു പറഞ്ഞിരിക്കുന്നത്? ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. നിയമപ്രകാരം ആരും, ഞാൻ ആവർത്തിച്ചു പറയാം ആർക്കെതിരെയും ഇത്തരം ഉപദ്രവങ്ങൾ ഉണ്ടാകരുത്.
ഞാൻ സൈബർ ക്രൈം പോലീസിന്റെ സഹായം തേടുകയാണ്. ഇതിനെതിരെ എത്രയും പെട്ടെന്നു നടപടിയെടുക്കണം.' ഇതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലെ കമന്റ് സെക്ഷൻ താരം ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights :threat against actress Rhea Chakraborty FIR against two Instagram users
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..