Thinkalazhcha Nishchayam movie Poster
പ്രണയവും പാട്ടും സമകാലിക രാഷ്ട്രീയവുമെല്ലാം സമ ചേര്‍ത്തൊരു പക്കാ ഫാമിലി എന്റര്‍ടെയ്നറാണ് തിങ്കളാഴ്ച നിശ്ചയം. വലിയ ഒച്ചപ്പാടുകളും ബഹളങ്ങളുമൊന്നുമില്ലാതെ പ്രേക്ഷകരിലേക്കെത്തിയ ഈ ചെറിയ ചിത്രം മലയാള സിനിമയിലുണ്ടാക്കിയ കോളിളക്കം ചെറുതല്ല. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത തിങ്കളാഴ്ച നിശ്ചയം വാമൊഴിയായി തന്നെ പ്രേക്ഷകനില്‍ നിന്ന് പ്രേക്ഷകനിലേക്ക് സഞ്ചരിച്ചു. ഒടുവില്‍ ആ യാത്ര വന്നെത്തിയിരിക്കുന്നത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിലാണ്. മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തിങ്കളാഴ്ച നിശ്ചയം വിധികര്‍ത്താക്കളെ അത്ഭുതപ്പെടുത്തി. ദേശീയ പുരസ്കാരത്തില്‍ ആധിപത്യം പുലര്‍ത്തിയ പല മലയാളം സിനിമകളെയും മലര്‍ത്തിയടിച്ചാണ് സെന്ന ഹെഗ്ഡേ അണിയിച്ചൊരുക്കിയ ഈ കുഞ്ഞന്‍ ചിത്രം ശ്രദ്ധേയമായത്.
സംസ്ഥാനതലത്തിലും ഏറെ ശ്രദ്ധനേടിയ ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും ഈ കൊച്ചുസിനിമയെ തേടിയെത്തുമ്പോള്‍ ഉയരുന്നത് കേരളത്തിന്റെ യശസ്സാണ്.
പേര് പോലെ തന്നെയാണ് തിങ്കളാഴ്ച ദിവസം നടക്കുന്ന ഒരു വിവാഹനിശ്ചയത്തെ ആധാരമാക്കിയാണ് ചിത്രം കഥ പറയുന്നത്. കാഞ്ഞങ്ങാട്ടെ സാധാരണക്കാരനായ വിജയന് എന്ന കുവൈത്ത് വിജയന്റെ വീടാണ് സിനിമയുടെ കഥാപശ്ചാത്തലം. ഭാര്യയും രണ്ട് പെണ്മക്കളും ഒരാണ് കുട്ടിയും അടക്കം അഞ്ച് പേരടങ്ങുന്ന മിഡില്‍ക്ലാസ്സ് കുടുംബം. ആ വീട്ടിലെ വിവാഹ നിശ്ചയ തലേന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.മികച്ചൊരു കഥയെ നര്‍മത്തില്‍ പൊതിഞ്ഞ് നമ്മുടെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കൈമാറുകയാണ് സംവിധായകന് ചെയ്തിരിക്കുന്നത്. കഥയുടെ പുറത്തേക്ക് നീട്ടിവെക്കുന്ന ചിന്തകള്‍ സമകാലിക രാഷ്ട്രീയ പശ്ചാത്തലവുമായി എളുപ്പത്തില്‍ ബന്ധപ്പെടുത്താനാവുന്നവയാണ്.
പുതുമുഖ താരങ്ങളുടെ അസാമാന്യ പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.കഥയുടെ പശ്ചാത്തലമായ വടക്കന്‍ ഗ്രാമീണതയ്ക്കൊപ്പം നില്ക്കുന്ന സംഗീതവും മികച്ച ഫ്രെയിമുകളുമെല്ലാം സിനിമയുടെ പ്രധാന സവിശേഷതകളാണ്. അര്‍ഹിച്ച അംഗീകാരം തന്നെയാണ് തിങ്കളാഴ്ച നിശ്ചയം സ്വന്തമാക്കിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..