തിരുവനന്തപുരം: ക്രിമിനല്‍ കേസിലെ പ്രതിയെ കോടതി വിധി വരും മുമ്പെ തിരിച്ചെടുത്ത 'അമ്മ'യ്ക്ക് അതേ സംഘടനയില്‍ നിന്ന് മരിക്കും വരെ പുറത്താക്കപ്പെട്ട നടന്‍ തിലകന്‍ എഴുതിയ കത്ത് പുറത്ത്. അംഗങ്ങളുടെ അവകാശം ചവിട്ടി മെതിക്കുമ്പോള്‍ 'അമ്മ'യുടെ മൗനം  അക്ഷന്തവ്യമായ തെറ്റെന്ന് 2010ല്‍ മോഹന്‍ലാലിന് എഴുതിയ കത്തില്‍ തിലകന്‍ കുറ്റപ്പെടുത്തുന്നു.  ജനാധിപത്യ മര്യാദകളുടെ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് 'അമ്മ'യെന്ന് തിലകന്‍ കത്തില്‍ പറയുന്നു. ദിലീപിനോട് സംഘടന കാണിച്ച പരിഗണന അച്ഛന് ലഭിച്ചില്ല എന്ന് മകള്‍ സോണിയ തിലകന്‍ 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു.

അച്ചടക്ക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഒരു കേസിലും ഉള്‍പ്പെടാത്ത തിലകനെ പുറത്താക്കിയതെങ്കില്‍ അമ്മ സംഘടനയിലെ തന്നെ അംഗത്തിനെതിരേ കുറ്റകൃത്യം നടത്തിയതിന്റെ പേരിലായിരുന്നു നടന്‍ ദിലീപിനെ പുറത്താക്കിയത്. എന്നാല്‍ വിധി വരും മുമ്പെയാണ്  ഇതേ നടനെ സംഘടന  തിരിച്ചെടുത്തിരിക്കുന്നത്. ഇരയ്‌ക്കൊപ്പമെന്ന പ്രഖ്യാപിച്ച 'അമ്മ' വേട്ടക്കാരനൊപ്പമാണെന്ന് സമൂഹമൊന്നടങ്കം ആക്ഷേപിക്കുന്നതിനിടെയാണ് തിലകന്‍ വിഷയത്തില്‍ 'അമ്മ' പ്രതികരിച്ച രീതിയും തിലകനെഴുതിയ കത്തും ചര്‍ച്ചയാവുന്നത്. 

മലയാള സിനിമയുടെ കോടാലിയാണ് സംഘടനയായ 'അമ്മ' എന്ന് തിലകന്‍ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ കാരണമായി അന്ന് ചൂണ്ടിക്കാട്ടിയത്. എട്ട് വര്‍ഷം മുമ്പ് അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

അച്ചടക്ക സമിതിയില്‍ ഹാജരാകാതിരുന്ന തന്റെ വിശദീകരണം കേള്‍ക്കാതെ തന്നെ ഏകപക്ഷീയമായി പുറത്താക്കിയത് തിലകന്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.ദിലീപിന്റെ വിശദീകരണം കേട്ടില്ലെന്ന ന്യായം പറഞ്ഞ് ദിലീപിനെ തിരിച്ചെടുക്കുമ്പോള്‍ ആ പരിഗണന തന്റെ അച്ഛന് ലഭിച്ചില്ലെന്ന് തിലകന്റെ മകള്‍ സോണിയ കുറ്റപ്പെടുത്തുന്നു.

തലസ്ഥാനത്തെ ഒരു വിഭാഗം സിനിമ രാജാക്കന്‍മാരാണ് തന്നെ മാറ്റിനിര്‍ത്തിയതിനു പിന്നില്‍. ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രണവും വധഭീഷണിയും  ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സംഘടനയില്‍നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞത്. വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് മുമ്പ് കരാറിലേര്‍പ്പെട്ടിരുന്ന ചിത്രങ്ങളില്‍ നിന്നുവരെ ഒഴിവാക്കി എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് 'അമ്മ'യ്‌ക്കെതിരെ തിലകന്‍ ഉന്നയിച്ചത്. ഈ നഗ്നമായ നീതിലംഘനം നിലനില്‍ക്കുമ്പോഴാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നടന്റെ കാര്യത്തില്‍ 'അമ്മ' മറ്റൊരു നയം പുലര്‍ത്തുന്നത്.