തീ എന്ന ചിത്രത്തിൽ മുഹമ്മദ് മുഹ്സിനും ഇന്ദ്രൻസും
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് നായകനാകുന്ന തീ ഓഗസ്റ്റ് 12 ന് തീയേറ്ററുകളിലേക്കെത്തും. അനില്‍ വി നാഗേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വസന്തത്തിന്റെ കനല്‍വഴികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് അനില്‍ വി നാഗേന്ദ്രന്. അധോലോകനായകനായി വേറിട്ട ഭാവത്തില്‍ എത്തുന്നത് ഇന്ദ്രന്‍സ് വേഷമിടുന്നു. ചിത്രത്തില്‍ സി.ആര് മഹേഷ് എം.എല്‍.എയും വേഷമിടുന്നു. സാഗര എന്ന പുതുമുഖമാണ് നായിക.
മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികാര ശക്തിയുള്ള അധോലോകത്തിനുമിടയില്‍ സംഭവിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറക്കാര്‍ പറയുന്നു.
സൂപ്പര്‍താരങ്ങളോ വന്ബജറ്റോ മോഹിപ്പിക്കുന്ന പരസ്യവാചകങ്ങളോ ഗ്രാഫിക്സോ ഇല്ലാതെ ചെറിയ നിറക്കൂട്ടില്‍, ചട്ടക്കൂടില്‍ ആണ് ചിത്രം പൂര്ത്തിയക്കിയതെന്ന് സംവിധായകന് അനില്‍.വി.നാഗേന്ദ്രന് പറയുന്നു. കേരളനിയമസഭാസാമാജികര്ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച സിനിമയെന്നൊരപൂര്വതയും ഈ ചിത്രത്തിനുണ്ട്. അതുവഴി മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിനായിട്ടുണ്ടെന്നും സംവിധായകന് പറയുന്നു .പ്രായത്തിന്റെ അവശതകള്‍ കാര്യമാക്കാതെ 89-ാം വയസ്സിലും വിപ്ളവഗായിക പി.കെ.മേദിനി പാടി അഭിനയിക്കുകയും ചെയ്യുന്നു- സംവിധായകന് പറയുന്നു.
ഒട്ടേറെ സാമൂഹികസന്ദേശങ്ങളാണ് ചിത്രം മുന്നോട്ടു വെക്കുന്നത്. ആത്മഹത്യ, പ്രകൃതിനശീകരണം, ലഹരി വസ്തുക്കള്‍, പീഡനം, ക്വട്ടേഷന്‍ കൊലപാതകം, വര്‍ഗീയത, കുട്ടികളിലെ മൊബൈല്‍ ഫോണ്‍ദുരുപയോഗം തുടങ്ങിയ വിപത്തുക്കള്ക്കെതിരേ സമൂഹത്തെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അനിലിന്റെ ആദ്യചിത്രമായ 'വസന്തത്തിന്റെ കനല്‍വഴികള്‍' എന്നചിത്രത്തില്‍ നായകനായിരുന്ന സമുദ്രക്കനിയ്ക്കൊപ്പം തന്നെ തുല്യപ്രാധാന്യമുള്ള വേഷംചെയ്ത റിതേഷ് ശക്തനായ വില്ലന്‍ കഥാപാത്രമായെത്തുന്നു. പ്രേംകുമാര്‍, രമേഷ്പിഷാരടി, അരിസ്റ്റോസുരേഷ്, വിനുമോഹന്‍, ജയകുമാര്‍, ഉല്ലാസ് പന്തളം, കോബ്ര രാജേഷ്, രശ്മി അനില്‍, സോണിയ മല്‍ഹാര്‍ എന്നിവര്‍ക്കൊപ്പം എംപി.മാരായ സുരേഷ്കുറുപ്പും സോമപ്രസാദുമെത്തുന്നു. സൂസന്‍കോടി പിന്നണിഗായകരായ ഉണ്ണിമേനോന്, സി.ജെ.കുട്ടപ്പന്, ഡോള്ഫിന്രതീഷ് എന്നിവരും താരനിരയിലുണ്ട്. യു ,വി.ക്രിയേഷന്‍സ്,വിശാരദ് ക്രിയേഷന്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സംവിധായകന്‍തന്നെയാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.ക്യാമറ-ദേശീയതലത്തില്‍ ശ്രദ്ധേയനായ കവിയരശ്. ചിത്രത്തിലെ എട്ടുഗാനങ്ങളും ഇതിനകംതന്നെ ഹിറ്റ്ച്ചാർട്ടിൽ ഇടം നേടിയെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..