ണ്‍ലോക്ക് 5ന്റെ ഭാഗമായി തിയ്യറ്ററുകള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാ​ഗതാർഹമല്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീർ. നിലവിലെ കേരളത്തിലെ സാഹചര്യം തിയ്യ തുറക്കാൻ അനുകൂലമല്ലെന്നും ഡിസംബർ വരെ തിയ്യറ്റർ തുറക്കേണ്ടതില്ലെന്നാണ് സം​ഘടനയുടെ തീരുമാനമെന്നും ലിബർട്ടി ബഷീർ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ഇതുകൂടാതെ ജി.എസ്.ടി, മുനിസിപ്പൽ ടാക്സ്, ക്ഷേമനിധി, പ്രളയ സെസ്, എന്നിവ എടുത്തു മാറ്റാതെ അമ്പത് ശതമാനം സീറ്റുകളുടെ പരിധിയിൽ തിയ്യറ്റർ തുറക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"അൺലോക്ക് 5 ൽ തിയ്യറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട് .. ഇതുസംബന്ധിച്ച് അവസാന തീരുമാനം അതാത് സംസ്ഥാനങ്ങൾക്ക് എടുക്കാം എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാൽ കേരളത്തെ സംബന്ധിച്ച് ഇവിടെ കോവിഡ് രോ​ഗികൾ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഡിസംബർ വരെ ഇവിടെ തിയ്യറ്ററുകൾ  തുറക്കാനാവില്ലെന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. ഒരു സിനിമ റിലീസ് ചെയ്ത് അത് കാണാൻ വന്ന ഏതെങ്കിലും ഒരു പ്രേക്ഷകന് അസുഖം ബാധിച്ചാൽ ആ തിയ്യറ്ററുകൾ അടച്ചിടേണ്ട അവസ്ഥയുണ്ടാവുമെന്നതാണ് ഒരു കാരണം. 

മറ്റൊന്ന്, ജി.എസ്.ടി, മുനിസിപ്പൽ ടാക്സ്, ക്ഷേമനിധി, പ്രളയ സെസ്, ഇതെല്ലാം എടുത്തു മാറ്റണം.കാരണം അമ്പത് ശതമാനം സീറ്റുകളുടെ പരിധിയിൽ വലിയ ചിത്രങ്ങൾ റിലീസിനെത്തില്ല, ചെറിയ ചിത്രങ്ങളാണ് റിലീസിനെത്തുക. അങ്ങനെയൊരു സാഹചര്യത്തിൽ നമുക്ക് പിടിച്ചുനിൽക്കണമെങ്കിൽ എല്ലാ ടാക്സും തത്കാലത്തേക്ക് എടുത്ത് മാറ്റണം. ആറേഴ് മാസമായി ഓരോ തിയ്യറ്ററുകാരും മുപ്പതിനായിരവും നാൽപതിനായിരവുമാണ് വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്ന പേരിൽ കെട്ടുന്നത്. അതും ഒന്നും കത്തിക്കാതെ.. എന്റെ അഞ്ച് തിയ്യറ്ററിന്റെ കോംപ്ലക്സിനായി 80,000 രൂപയാണ് ഞാൻ ഓരോ മാസവും അടയ്ക്കുന്നത്. മറ്റൊരു തിയ്യറ്ററിനായി 15,000 രൂപയും.

അതുകൊണ്ട് തന്നെ ഇവ എടുത്ത് മാറ്റിയാലേ തിയ്യറ്റർ തുറക്കുന്നതിനെ കുറിച്ച് പോലും ഞങ്ങൾ ആലോചിക്കുകയുള്ളൂ. ഇത് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിയോക് എന്നീ സംഘടനകളുടെ സംയുക്തമായ തീരുമാനമാണ്.  അതുപോലെ തന്നെ നിർമാതാക്കളും ഡിസ്ട്രിബ്യൂട്ടേഴ്സും ഇതേ തീരുമാനമാണ് എടുത്തിരിക്കുന്നത്. ഡിസംബർ വരെ കേരളത്തിൽ തിയ്യറ്ററുകൾ തുറക്കില്ല". ലിബർട്ടി ബഷീർ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റുകളുടെ പരിധിയില്‍ തിയ്യറ്ററുകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള തിയ്യറ്ററുകള്‍ക്കാണ് അനുമതി.

Content highlights : Theatres will not open till december says Kerala Film Exhibiters Federation president Liberty Basheer