Image : Mathrubhumi
ഏണിവെച്ചു കയറി കൂറ്റൻ ബോർഡിന്റെ മുകൾഭാഗത്ത് അയാൾ 'മാസ്റ്ററി'ന്റെ പോസ്റ്റർ ഒട്ടിച്ചു... താഴെ പ്രതീക്ഷയോടെ ഒരുപാട് കണ്ണുകൾ. ഒമ്പതുമാസത്തെ കോവിഡ് പൂട്ടിനുശേഷം വെള്ളിത്തിര തെളിയുമ്പോൾ എന്തായിരിക്കും 'ക്ലൈമാക്സ്'. സിനിമ കാണാൻ കാണികൾ വീണ്ടുമെത്തുമോ? ബുധനാഴ്ച തിയേറ്ററുകൾ തുറക്കുമ്പോൾ സിനിമാ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് കാണികളിലേക്കാണ്.
കൊച്ചി പഴയ കൊച്ചിയാകുമോ?
'ബിഗ് ബി'യിൽ ബിലാൽ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി പറയുന്നുണ്ട്: 'കൊച്ചി പഴയ കൊച്ചിയല്ല'. എന്നാൽ, കോവിഡിനു ശേഷം തിയേറ്റർ തുറക്കുമ്പോൾ കൊച്ചി പഴയ കൊച്ചിയാകണമെന്നാണ് സിനിമാ ലോകത്തിന്റെയാകെ ആഗ്രഹം.
''സിനിമയുടെ തിരിച്ചുവരവിൽ ഏറ്റവും നിർണായകം കൊച്ചിയുടെ പ്രതികരണമായിരിക്കും. ഒട്ടേറെ മൾട്ടിപ്ലക്സുകളും തിയേറ്ററുകളുമുള്ള കൊച്ചിയിൽ നിന്നാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത്. തിയേറ്റർ തുറക്കുമ്പോൾ ഞങ്ങളെല്ലാം നോക്കുന്നത് കൊച്ചിയിലേക്കാണ്. മൾട്ടിപ്ലക്സുകളിലേക്കും തിയേറ്ററുകളിലേക്കും എത്രത്തോളം ജനങ്ങൾ തിരിച്ചെത്തുമെന്നതാണ് പ്രധാനം. വിജയ് ചിത്രം 'മാസ്റ്റർ' കൊച്ചിയുടെ പ്രതികരണത്തിന്റെ കൃത്യമായ അടയാളമാകില്ല. മലയാള ചിത്രങ്ങൾ കൂടുതൽ റിലീസ് ചെയ്യുമ്പോഴേ കൊച്ചിയുടെ മനസ്സറിയാനാകൂ'' -പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ജോസഫ് പറഞ്ഞു.
ആരാധകർ ത്രില്ലിലാണ്
ഫാൻസ് അസോസിയേഷനുകളും ശ്രദ്ധയൂന്നുന്നത് കൊച്ചിയിലാണ്. വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്.
''ഇതു ഞങ്ങൾ കാത്തിരുന്ന ദിവസമാണ്. മാസ്റ്ററിന് ടിക്കറ്റ് ചോദിച്ച് ഒരുപാടുപേർ വിളിക്കുന്നുണ്ട്. അസോസിയേഷനിലെ അംഗങ്ങൾക്കുതന്നെ ടിക്കറ്റ് തികഞ്ഞിട്ടില്ല. എല്ലായിടത്തും ആദ്യ ദിനങ്ങളിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയി. സരിത തിയേറ്ററിനു മുന്നിൽ വിജയിന്റെ കട്ടൗട്ട് വെക്കാനുള്ള പണിയിലാണ് ഞങ്ങൾ. സാധാരണഗതിയിലുള്ള മേളവും ആഘോഷവുമൊന്നും നടക്കില്ല. എങ്കിലും ത്രില്ലടിച്ചാണ് ഞങ്ങൾ കാത്തിരിക്കുന്നത്'' - സരിത തിയേറ്ററിനു മുന്നിൽ നിൽക്കെ വിജയ് ഫാൻസ് അസോസിയേഷൻ കോ-ഓർഡിനേറ്റർ സനൂപ് യൂസഫ് പറഞ്ഞു.
ഒമ്പതു മുതൽ ഒമ്പതു വരെ
തത്കാലം ദിവസം മൂന്ന് ഷോ കളിക്കാനാണ് സാധ്യതയെന്ന് വിതരണക്കാർ പറയുന്നു.
''രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനാനുമതി. മാസ്റ്റർ മൂന്നു മണിക്കൂറുണ്ട്. ഓരോ ഷോകൾക്കിടയിലുള്ള ഒരുക്കങ്ങളും കൂടിയാകുമ്പോൾ 12 മണിക്കൂറിൽ മൂന്നു ഷോ മാത്രമേ സാധ്യമാകൂ. അടച്ചിട്ടിരുന്നതിനാൽ സാങ്കേതിക തടസ്സങ്ങൾക്കും സാധ്യതയുണ്ട്. ഇതു പരിഹരിക്കാനുള്ള സമയം കൂടി കണക്കിലെടുക്കണം'' -ചിത്രത്തിന്റെ വിതരണക്കാരൻ അനി തൂലിക പറഞ്ഞു.
Content highlights :theatre opening after nine months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..