കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായി. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയിലാണ് ധാരണയായത്.
ഇന്ന് വൈകിട്ട് കൊച്ചിയില്‍ വെച്ച് നിര്‍മ്മാതാക്കളുടെ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്‍മ്മാതാക്കളെയാണ് യോഗത്തില്‍ വിളിച്ചിരിക്കുന്നത്. സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്ന കാര്യങ്ങള്‍ ഇവരുമായി ചര്‍ച്ച ചെയ്യും. തിയേറ്റര്‍ തുറക്കുന്ന തീയതിയും യോഗത്തിന് ശേഷം പ്രഖ്യാപിക്കും.
നിര്‍മ്മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് ഈ തീരുമാനം. വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കിയാല്‍ 50 ശതമാനം സീറ്റിങ് മൂലമുണ്ടാകുന്ന നഷ്ടം മറിക്കടക്കാനാകും. തീയേറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്.
അതേസമയം, സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ജനുവരി 13-ന് പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന് കേരളത്തില്‍ റിലീസ് ചെയ്യാനാകും. തമിഴ്‌നാട് കഴിഞ്ഞാല്‍ തമിഴ് ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് കേരളത്തില്‍ നിന്നാണ്.
സാമ്പത്തിക പാക്കേജില്ലാതെ തിയേറ്റര്‍ തുറക്കില്ലെന്ന് നിലപാട് ഫിയോക് സ്വീകരിച്ചതോടെ മാസ്റ്ററിന്റെ നിര്‍മ്മാതാക്കളും കേരളത്തിലെ വിതരണക്കാരും ആശങ്കയിലായിരുന്നു. ജനുവരി അഞ്ചുമുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററില്‍ പ്രവേശിപ്പിക്കാവൂ എന്ന കര്‍ശനമായ നിബന്ധനയുമുണ്ട്.
Content Highlights: Theater to Open in Kerala Chief Minster, Feouk, Master Release