
പ്രതീകാത്മചിത്രം
കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ വെള്ളിത്തിരയിൽ വീണ്ടും പ്രതിസന്ധി. രണ്ടാം തരംഗത്തിനുശേഷം തുറന്ന തിയേറ്ററുകൾ ഉണർവിലേക്കു വരുന്നതിനിടയിലാണ് വീണ്ടും നിയന്ത്രണങ്ങൾ വന്നിരിക്കുന്നത്. മലയാള ചിത്രം ‘കള്ളൻ ഡിസൂസ’മുതൽ ‘ആർ.ആർ.ആർ.’വരെ റിലീസ് മാറ്റിവെച്ചവയിൽ ഉൾപ്പെടുന്നു. കൂടുതൽ സിനിമകൾ റിലീസ് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
വെള്ളിയാഴ്ച 450-ഓളം സ്ക്രീനുകളിലായി റിലീസ് ചെയ്ത ‘ഹൃദയം’ ഇതിനകം രണ്ടരക്കോടിയോളം രൂപ നിർമാതാവിനു ഷെയറായി നേടിക്കൊടുത്തിട്ടുണ്ടെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ പറയുന്നത്. തിയേറ്ററുകളിലേക്ക് ആളുകൾ എത്തുന്നതിന്റെ തെളിവാണിതെന്നും അവർ പറയുന്നു.
കോവിഡിന്റെ പേരിൽ തിയേറ്ററുകൾ വീണ്ടും അടച്ചിടാൻ സർക്കാർ നിർദേശിച്ചാൽ ശക്തമായി പോരാടാനാണ് ‘ഫിയോകി’ന്റെ തീരുമാനം. പൊതു ഇടങ്ങളിലും മാളുകളിലും ബസുകളിലും ട്രെയിനുകളിലുമൊക്കെ ആളുകൾ കൂടുന്നതിനെപ്പറ്റി ഒന്നും പറയാത്ത സർക്കാർ സിനിമാതിയേറ്ററുകളെ മാത്രം അടച്ചിടൽ വിഭാഗത്തിലേക്കു കൊണ്ടുവരുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്.
സർക്കാർ അങ്ങനെയൊരു തീരുമാനമെടുത്താൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
തിയേറ്ററുകളില്ലാതെ താരങ്ങളില്ല
മമ്മൂട്ടിക്കും മോഹൻലാലിനും തിയേറ്ററുകളുടെ സാധ്യത നന്നായി അറിയുന്നതുകൊണ്ടാണ് അവരുടെ മക്കളുടെ സിനിമകൾ തിയേറ്ററുകളിൽത്തന്നെ എത്താൻ കാത്തിരുന്നത്. ടൊവിനോ തോമസ് ഏറെ അധ്വാനവും ആത്മസമർപ്പണവും നടത്തിയ സിനിമയായിരുന്നു ‘മിന്നൽ മുരളി’. എന്നിട്ടും ടൊവിനോയ്ക്ക് അർഹമായ അംഗീകാരവും വിലയിരുത്തലുകളും കിട്ടാതിരുന്നതിനു കാരണം ആ സിനിമ തിയേറ്ററുകളിൽ വന്നില്ല എന്നതാണ്. തിയേറ്ററുകൾ പൂട്ടാൻ സർക്കാർ നിർദേശിച്ചാൽ ജീവിക്കാനുള്ള അവകാശം തേടി പ്രത്യക്ഷസമരത്തിലേക്കു പോകും.
-കെ. വിജയകുമാർ, പ്രസിഡന്റ്, ഫിയോക്
Content Highlights: Theater Crisis, Malayalam Cinema, Covid Omicron spike, restriction Feuok
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..