ജോ റൈറ്റിന്റെ സംവിധാനത്തില്‍ നെറ്റ്ഫ്ലിക്‌സില്‍ റിലീസ് ചെയ്തിരിക്കുന്ന ഏറ്റവും  പുതിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വുമണ്‍ ഇന്‍ ദ വിന്‍ഡോ. ആമി ആഡംസ്, ഗാരി ഓള്‍ഡ്മാന്‍, ആന്തണി മാക്കി, ഫ്രെഡ് ഹെച്ചിഗന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ സൈക്കോളജിസ്റ്റായ അന്ന ഫോക്‌സ് എന്ന യുവതിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അഗ്രോഫോബിയ (തുറസ്സായ സ്ഥലങ്ങളെക്കുറിച്ചുള്ള അകാരണ ഭയം തോന്നുന്ന മാനസിക പ്രശ്‌നം. അഗ്രോഫോബിയയുള്ള രോഗികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പൊതുവേ ആഗ്രഹിക്കുകയില്ല. ഇടയ്ക്കിടെ പാനിക് അറ്റാക്ക് ഉണ്ടാകാനും സാധ്യതയുണ്ട്) എന്ന മാനസിക പ്രശ്‌നത്തിലൂടെയാണ് അന്ന കടന്നുപോകുന്നത്. ജനലിലൂടെ അയല്‍ക്കാരെ വീക്ഷിക്കുന്നതാണ് അന്നയുടെ വിനോദം. അതിനപ്പുറം മറ്റൊന്നും ചിന്തിക്കാനില്ലാത്ത അവസ്ഥയിലൂടെയാണ് അവള്‍ കടന്നുപോകുന്നത്. 

ഭര്‍ത്താവ് എഡ്വേര്‍ഡില്‍ നിന്ന് താന്‍ പിരിഞ്ഞുവെന്നും മകള്‍ ഒലിവീയ എഡ്വേര്‍ഡിനൊപ്പമാണെന്നുമാണ് അന്ന മറ്റുള്ളവരോട് പറഞ്ഞിരിക്കുന്നത്. തികച്ചും ഏകാന്തയാണ് അന്ന. ബേസ്‌മെന്റില്‍ താമസിക്കുന്ന വാടകക്കാരനായ ഡേവിഡുമായും തന്നെ ചികിത്സിയ്ക്കുന്ന ഡോക്ടറുമായും സൗഹൃദം ഉണ്ടെന്നല്ലാതെ അന്നയ്ക്ക് പുറംലോകവുമായി മറ്റു ബന്ധങ്ങളില്ല.. അതിനിടെയാണ് അന്ന ഒരു ഹാലോവീന്‍ ദിനത്തില്‍ അയല്‍ക്കാരനായ അലിസ്റ്റര്‍ റസലിന്റെ ഭാര്യ ജെയിന്‍ റസലിനെ പരിചയപ്പെടുന്നത്. അതൊരു പുതിയ സൗഹൃദത്തിന് തുടക്കമാകുന്നു. ജെയിനോട് സംസാരിച്ച് സമയം കളയുന്നത് അന്നയും ആസ്വദിക്കുന്നു ജെയിന്റെ മകന്‍ ഈഥനെയും അന്ന പരിചയപ്പെടുന്നു. കൗരാരപ്രായമുള്ള ഈഥന്‍ എന്തോ വലിയ പ്രശ്‌നത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനുത്തരവാദി അവന്റെ പിതാവ് അലിസ്റ്റര്‍ റസലാണെന്നും അന്നയ്ക്ക് മനസ്സിലാകുന്നു. ജെയിന്റെ സംസാരത്തില്‍ നിന്നും അലിസ്റ്റര്‍ വളരെ മോശപ്പെട്ട വ്യക്തയാണെന്നാണ് അന്നയ്ക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നത്. തന്നെ കാണാന്‍ വരുന്നതില്‍ നിന്ന് ഈഥനെയും ജെയിനിനെയും അലിസ്റ്റര്‍ വിലക്കുന്നുവെന്നും റസ്സല്‍ കുടുംബത്തിലെ അംഗങ്ങള്‍ കടുത്ത അസ്വാരസ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അന്ന തന്റെ ജനല്‍പാളികളിലൂടെ മനസ്സിലാക്കുന്നു. 

അങ്ങനെ ഒരുദിവസം അന്ന കാണുന്നത് ജെയിന്‍ കൊല്ലപ്പെടുന്നതാണ്. വയറില്‍ തളച്ചുകയറിയെ കത്തി നീക്കം ചെയ്യാനാകാതെ ജെയിന്‍ പിടയുന്ന ഭീകരകാഴ്ച കണ്ടതോടെ അന്ന പോലീസിനെ വിളിക്കുകയാണ്. പോലീസ് എത്തി അന്വേഷണം ആരംഭിച്ചപ്പോള്‍ റസ്സല്‍ കുടുംബത്തില്‍ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നാണ് അലിസ്റ്റര്‍ പറയുന്നത്. തെളിവിനായി പൂര്‍ണആരോഗ്യവതിയായ തന്റെ ഭാര്യയെ പോലീസിന് മുന്നില്‍ എത്തിക്കുന്നു. എന്നാല്‍ അന്നയുമായി പരിചയപ്പെട്ടുവെന്ന്് പറയുന്ന ജെയിന്‍ റസ്സല്‍ അല്ലായിരുന്നു യഥാര്‍ഥ ജെയിന്‍ റസ്സല്‍. അന്ന  മാനസികരോഗിയാണെന്നും അവളുടെ തോന്നലാണെന്നും അലിസ്റ്റര്‍ റസ്സല്‍ ആരോപിക്കുമ്പോള്‍ ഈഥനും അതിനെ പിന്തുണയ്ക്കുന്നു. ആ കൊലപാതകം അന്നയുടെ തോന്നല്‍ മാത്രമായിരുന്നോ? റസ്സല്‍ കുടുംബം മറയ്ക്കുന്നതെന്ത്? ആരാണ് യഥാര്‍ഥ ജെയിന്‍ റസ്സല്‍? ഈ ചോദ്യങ്ങളിലൂടെയുള്ള സംഘര്‍ഷ ഭരിതമായ യാത്രയാണ് വുമണ്‍ ഇന്‍ ദ വിന്‍ഡോ.

Content Highlights: The Woman in the Window 2021 Netflix Movie agoraphobia Review