ധോലോക ചക്രവര്‍ത്തി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഒരു കാലത്ത് മുംബൈ അധോലോകത്തെ അടക്കിവാണിരുന്ന ഹസീനയെ അവതരിപ്പിക്കുന്നത് ശ്രദ്ധ കപൂറാണ്. ദാവൂദ് ഇബ്രാഹിമായി ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് കപൂര്‍ വേഷമിടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രീകരണം ആരംഭിച്ച വിവരം ശ്രദ്ധ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

'ദി ക്വീന്‍ ഓഫ് മുംബൈ: ഹസീന' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അപൂര്‍വ ലാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹസീനയെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത് സൊണാക്ഷി സിന്‍ഹയെയായിരുന്നെങ്കിലും പിന്നീടാണ് ശ്രദ്ധയ്ക്ക് നറുക്കുവീണത്.

ദാവൂദിന്റെ പന്ത്രണ്ട് സഹോദരന്‍മാരില്‍ ഏഴാമത്തെയാളായിരുന്നു ഹസീന. ദാവുദിന്റെ വിശ്വസ്തനായിരുന്ന ഹസീനയുടെ ഭര്‍ത്താവ് ഇസ്മയില്‍ പാര്‍ക്കര്‍ പ്രധാന എതിരാളിയായിരുന്ന അരുണ്‍ ഗാവ്‌ലിയുടെ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഭര്‍ത്താവിന്റെ മരണശേഷം ഹസീന അധോലോകത്തിന്റെ നേതൃത്വത്തിലേക്ക വരികയായിരുന്നു.

സഹോദരിയുടെ ഭര്‍ത്താവിനെ കൊന്നവരോട് ദാവൂദ് മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലില്‍ നടന്ന വെടിവെപ്പില്‍ പ്രതികാരം ചെയ്തു. പിന്നീട് ദാവൂദ് ഇന്ത്യ വിട്ട് പോയപ്പോഴും മുംബൈ അധോലോകം അടക്കിവാണത് ഹസീനയായിരുന്നു. 

നാഗ്പാട് പോലീസ് സ്റ്റേഷന്റെ എതിര്‍വശത്തെ ഫ്ലാറ്റില്‍ താമസിച്ചുകൊണ്ടാണ് ഹസീന തന്റെ സാമ്രാജ്യം ഭരിച്ചിരുന്നത്. ഹിന്ദി ചിത്രങ്ങളുടെ വിദേശ റൈറ്റ്‌സ്, ഹവാല ഇടപാടുകള്‍ എന്നിവയായിരുന്നു ഹസീനയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. ഹൃദയാഘാതം മൂലം 2014ലാണ് ഹസീന മരണമടയുന്നത്.