കാട്ടിലെ രാജാവിന്റെ തിരിച്ചുവരവിന് അരങ്ങൊരുക്കിയ ഹോളിവുഡ് ചിത്രം 'ലയണ്‍ കിങ്ങി'ന് തിയേറ്ററുകളില്‍ വന്‍വരവേല്‍പ്പ്. റിലീസ് ചെയ്ത് നാലുദിവസങ്ങള്‍ക്കുള്ളില്‍ 62.65 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍മാത്രം നേടിയത്.

ഈയാഴ്ചയവസാനത്തോടെ ചിത്രത്തിന്റെ കളക്ഷന്‍ 80 കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യദിനംതന്നെ 11.06 കോടിരൂപ നേടി ചരിത്രംകുറിച്ചിരുന്നു. ആദ്യയാഴ്ചതന്നെ മികച്ച പ്രതികരണം നേടിയതോടെ ഇത്തരത്തില്‍ മികച്ച തുടക്കംകുറിച്ച മൂന്നാമത്തെ ഹോളിവുഡ് ചിത്രമായി ലയണ്‍ കിങ് മാറി.

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം (158.65 കോടി), അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ (94.30 കോടി) എന്നിവയാണ് ആദ്യ രണ്ടുസ്ഥാനങ്ങളില്‍. ഡിസ്നിയുടെ എക്കാലത്തെയും മികച്ച ആനിമേഷന്‍ സിനിമകളിലൊന്നായ 1994-ലെ ലയണ്‍ കിങ്ങിന്റെ റീമേക്കായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനുമായ ജോന്‍ ഫേവ്രൂ ആണ്. കാട്ടിലെ രാജാവായ മുഫാസയുടെയും മകന്‍ സിംബയുടെയും കഥപറയുന്നതാണ് ചിത്രം.

ഇന്ത്യയില്‍ വന്‍ സ്വീകാര്യത നേടിയ ഹിന്ദിപതിപ്പിലെ പ്രധാന കഥാപാത്രങ്ങളായ മുഫാസയ്ക്കും സിംബയ്ക്കും ശബ്ദം നല്‍കിയത് ഷാരൂഖ് ഖാനും മകന്‍ ആര്യന്‍ ഖാനുമാണ്.

Content Highlights: The Lion King movie box office collection in India, Shahrukh Khan, son Aryan Khan