ദ കേരളാ സ്റ്റോറിയിൽ നിന്നൊരു രംഗം | ഫോട്ടോ: twitter.com/adah_sharma
നിരവധി വാദപ്രതിവാദങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരളാ സ്റ്റോറിക്ക് ബംഗാളിൽ തിയേറ്ററുകൾ ലഭിച്ചു. അടുത്ത രണ്ടാഴ്ചത്തേക്കുള്ള പ്രദർശനങ്ങൾ ഇതിനകം തന്നെ ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാനത്തെ ഏതാനും തിയേറ്റർ, മൾട്ടിപ്ലെക്സ് ഉടമകൾ അറിയിച്ചു. ചിത്രം പ്രദർശിപ്പിക്കുന്നതിന്മേലുള്ള നിരോധനം സുപ്രീംകോടതി നീക്കിയതോടെയാണ് ബംഗാളിലെ തിയേറ്ററുകളിൽ ചിത്രമെത്തിയത്.
ബംഗാളിലെ ഭൂരിഭാഗം തിയേറ്ററുകളും ദ കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ വിസമ്മതിച്ചപ്പോൾ ബോണാഗാവിലെ നോർത്ത് 24 പർഗാനയിലെ ശ്രീമാ ഹാൾ എന്ന സിംഗിൾ സ്ക്രീനിൽ മാത്രം സിനിമ പ്രദർശിപ്പിച്ചിരുന്നു. നിറഞ്ഞ സദസിലാണ് ഇവർ കേരളാ സ്റ്റോറി പ്രദർശിപ്പിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കേരളാ സ്റ്റോറിയുടെ സംഗീത സംവിധായകനായ ബിശാഖ് ജ്യോതി ബോണാഗാവ് സ്വദേശിയാണ്. വിവാദങ്ങൾക്കും ഭീഷണി സന്ദേശങ്ങൾക്കുമിടെ ബംഗാളിൽ ചിത്രത്തിന് ലഭിച്ച ഈ സ്വീകരണത്തിൽ താൻ സന്തുഷ്ടനായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം ഇ ടൈംസിനോട് പ്രതികരിച്ചിരുന്നു.
''ബംഗാളിലെ ഭൂരിഭാഗം തിയേറ്ററുകളും ദ കേരളാ സ്റ്റോറിയോട് മുഖംതിരിച്ചപ്പോൾ എന്റെ ഗ്രാമത്തിലെ ഒരു തിയേറ്റർ ആ ചിത്രം പ്രദർശിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. തിയേറ്റർ ഉടമകൾക്കും വിതരണക്കാർക്കും ചിത്രത്തിന്റെ പ്രദർശനം നിർത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോൺകോളുകൾ വന്നതായി കേട്ടിരുന്നു. ശ്രീമാ ഹാളിന് പുറമേ മറ്റുചില സിംഗിൾ സ്ക്രീൻ തിയേറ്ററുകളും കേരളാ സ്റ്റോറി പ്രദർശിപ്പിച്ചിരുന്നതായി തോന്നുന്നു. ബംഗാളിലെ മറ്റു തിയേറ്ററുകളും ഈ ചിത്രം പ്രദർശിപ്പിച്ച് തുടങ്ങുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു''. ബിശാഖ് ജ്യോതിയുടെ വാക്കുകൾ.
ഈ മാസം പതിനെട്ടാം തീയതിയാണ് ദ കേരളാ സ്റ്റോറി എന്ന ചിത്രത്തിന് പശ്ചിമബംഗാൾ സർക്കാർ ഏർപ്പെടുത്തിയ പ്രദർശനവിലക്ക് സുപ്രീം കോടതി നീക്കിയത്. എന്നാൽ സുപ്രീം കോടതിയുടെ ഉത്തരവ് വന്നിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന തിയേറ്ററുകളിലും കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നില്ല. ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. പല തിയേറ്റർ ഉടമകൾക്കും തന്റെ സിനിമ പ്രദർശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞിരുന്നു.
Content Highlights: ‘The Kerala Story’ finally gets a hall in Bengal, sudeepto sen and adah sharma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..