ബൊമ്മനും ബെള്ളിയും പുതുതായെത്തിയ ആനക്കുട്ടിക്കൊപ്പം | ഫോട്ടോ: സ്ക്രീൻഗ്രാബ്
കാര്‍തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയ്ക്കുള്ള ഓസ്‌കര്‍ നേടിയ ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്. മുതുമലൈ തെപ്പക്കാട് ആന പരിപാലന കേന്ദ്രത്തിലെ പരിപാലകരായ ബൊമ്മന്‍, ബെള്ളി എന്നിവരേക്കുറിച്ചായിരുന്നു ഡോക്യുമെന്ററി. ചിത്രത്തിന് ഓസ്‌കര്‍ ലഭിച്ചതോടെ ലോകശ്രദ്ധയും ആകര്‍ഷിച്ചു ഈ ദമ്പതിമാർ.
ബൊമ്മനും ബെള്ളിയും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. അതിന് കാരണമാകട്ടെ ഇവരുടെ കൈകളിലേക്ക് പുതുതായി വന്നുചേര്‍ന്ന ഒരു കുഞ്ഞാനയും. ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയാ സാഹുവാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. ജീവിതചക്രം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പും വീഡിയോയും അവര്‍ ട്വീറ്റ് ചെയ്തു. ധര്‍മപുരിയില്‍ നിന്നുള്ളതാണ് നാല് മാസം പ്രായമുള്ള ആനക്കുട്ടിയെന്നും അതിനെ സുരക്ഷിതമായ കരങ്ങളില്‍ ഏല്പിച്ചതില്‍ സ്‌ന്തോഷമുണ്ടെന്നും അവരുടെ ട്വീറ്റിലുണ്ട്.
നിവധി പേരാണ് ട്വീറ്റിനെ കയ്യടികളോടെ സ്വീകരിച്ചത്. ബൊമ്മനും ബെള്ളിക്കും നല്ലതുവരട്ടെ എന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. ഇരുവരും ഓസ്‌കര്‍ ശില്പവുമായി നില്‍ക്കുന്ന ചിത്രമാണ് ഒരാളുടെ കമന്റ്. അവരെ അവരുടെ വഴിക്ക് വിടൂ എന്ന് പറഞ്ഞവരും ബൊമ്മനും ബെള്ളിക്കും എന്തെങ്കിലും രീതിയില്‍ സഹായമെത്തിക്കാന്‍ വഴിയുണ്ടോ എന്ന് അന്വേഷിച്ചവരും നിരവധിയാണ്.
ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച 'ദ എലഫന്റ് വിസ്പറേഴ്‌സ്' ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രമാണ്. ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമ എന്നതുകൊണ്ടും കേരളത്തോടു ചേര്‍ന്നുകിടക്കുന്ന മുതുമലൈ നാഷണല്‍ പാര്‍ക്ക് പശ്ചാത്തലമായി വരുന്നു എന്നതുകൊണ്ടും മലയാളികള്‍ക്കും ചേര്‍ത്തുപിടിക്കാവുന്ന ഒരു സന്തോഷം കൂടിയായിരുന്നു ഈ പുരസ്‌കാരം. ആനയും മനുഷ്യരും തമ്മിലുള്ള, പ്രകൃതിയും മനുഷ്യരും തമ്മിലുള്ള, മനുഷ്യരും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരികമായ, ഹൃദയഹാരിയായ ആവിഷ്‌കാരമാണ് ഈ ഡോക്യുമെന്ററി എന്ന് ഒറ്റവാചകത്തില്‍ പറയാം.
Content Highlights: The Elephant Whisperers’ couple, Bomman and Bellie are now foster parents to orphaned calf
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..