കോൺജ്വറിങ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: ഐ.എ.എൻ.എസ്
തിരക്കഥകൊണ്ടും അവതരണശൈലികൊണ്ടും പ്രേക്ഷകരെ വിറപ്പിച്ച ഹോളിവുഡ് സിനിമാ പരമ്പരയാണ് കോൺജ്വറിങ്. സിനിമയ്ക്ക് പ്രചോദനമായ വീട് വിറ്റു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയിലെ റോഡ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന വീട് 1.52 മില്ല്യൺ ഡോളറിനാണ് വില്പന നടത്തിയത്. 11 കോടി 84 ലക്ഷം ഇന്ത്യൻ രൂപയോളം വരുമിത്.
യഥാർത്ഥ മതിപ്പുവിലയേക്കാൾ 27 ശതമാനം ഉയർന്ന തുകയാണിതെന്ന് ദേശീയ മാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. വില്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യാഴാഴ്ചയേ പൂർത്തിയാവൂ എന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. പ്രചോദനം ഇവിടമാണെങ്കിലും ഈ വീട്ടിലല്ല സിനിമ ചിത്രീകരിച്ചത്. 2013-ലാണ് ഈ പരമ്പരയിലെ ആദ്യചിത്രം പുറത്തിറങ്ങുന്നത്. പെറോൺ കുടുംബത്തിന്റെയും പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർമാരായ എഡ്, ലോറൈൻ വാറൻ എന്നിവരുമായുള്ള അവരുടെ ബന്ധത്തിന്റെയും സാങ്കൽപ്പിക വിവരണമാണ്. കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും ആത്മഹത്യയുടെയും ചരിത്രമാണ് സിനിമയിലെ വീടിനുള്ളത്.
19-ാം നൂറ്റാണ്ടിൽ ഇവിടെ താമസിച്ചിരുന്ന ബത്ഷേബ ഷെർമന്റെ ആത്മാവ് വീടിനെ വേട്ടയാടുന്നതായി കഥകൾ പ്രചരിച്ചിരുന്നു. പാരാനോർമൽ അന്വേഷകരായ ജെൻ, കോറി ഹെയ്ൻസൺ എന്നിവരായിരുന്നു ഈ വീട്ടിൽ ഇതുവരെ താമസിച്ചിരുന്നത്. 2019-ൽ 439,000 ഡോളറിനാണ് ഇവർ ഈ വീട് വാങ്ങിയത്. ബോസ്റ്റണിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ജാക്വിലിൻ ന്യൂനെയാണ് വീട് വാങ്ങിയത്. ബ്യൂറിൽവില്ലെയിലെ 1677 റൗണ്ട് ചോട് റോഡിൽ സ്ഥിതി ചെയ്യുന്ന വീടിന് 3109 ചതുരശ്ര അടി വിസ്തീർണമുണ്ട്.
വീട് വെറുതേ വാങ്ങിയിടുകയല്ല ജാക്വിലിൻ ചെയ്തത്. ആസാമാന്യ ധൈര്യശാലികളായ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് അവർ ഉദ്ദേശിച്ചിരിക്കുന്നത്. ഹെയ്ൻസൺ ആരംഭിച്ച പാരാനോർമൽ ബിസിനസ്സ് തുടരാനാണ് ന്യൂനെയുടെ പദ്ധതി. അതിഥികൾക്ക് രാത്രിയിൽ പാരാനോർമൽ അന്വേഷണങ്ങൾ നടത്താം. പകൽ ടൂറുകൾ ഉണ്ടാകും. തത്സമയ സംപ്രേക്ഷണ പരിപാടികളും കൂടെയുണ്ടാകും. ഇതിനെല്ലാം മുൻതാമസക്കാരനായ ഹെയ്ൻസണും ഇതിനെല്ലാം പിന്തുണയുമായി ഉണ്ടാകും.
ദ കോൺജ്വറിങ്: ദ ഡെവിൾ മെയ്ഡ് മീ ടു ഇറ്റ് എന്ന ചിത്രമാണ് ഈ സീരീസിൽ ഏറ്റവും ഒടുവിലായെത്തിയ ചിത്രം. 2021-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പാട്രിക് വിൽസൺ, വെരാ ഫാമിഗ, സാറാ കാതറീൻ തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങളിൽ. 1970-കളിൽ ഇവിടെ താമസിച്ചിരുന്ന കുടുംബത്തിന്റെ അനുഭവത്തെ ആസ്പദമാക്കിയാണ് കോൺജ്വറിങ് സിനിമ നിർമിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..