കാന്‍ ഇന്റര്‍നാഷണല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ അഭിമാന പുരസ്‌കാരങ്ങള്‍ നേടി ബിജു മാണിയുടെ ചുഴലും ദീപ്തി ശിവന്റെ ഡീകോഡിങ് ശങ്കറും. മികച്ച സൂപ്പര്‍ നാച്ചുറല്‍ ചിത്രമായി ചുഴലിനെ തിരഞ്ഞെടുത്തപ്പോള്‍ മികച്ച ഇന്ത്യന്‍ ചിത്രം, മികച്ച ബയോഗ്രഫിക്കല്‍ ചിത്രം എന്നീ വിഭാഗങ്ങളില്‍ ഡീകോഡിങ് ശങ്കര്‍ പുരസ്‌കാരം നേടി. 

ഗായകന്‍ ശങ്കര്‍ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഡീകോഡിങ് ശങ്കര്‍ ഒരുക്കിയിരിക്കുന്നത്. ഒട്ടനവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. 

നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറില്‍ നിഷ മഹേശ്വരന്‍ നിര്‍മ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്തു നീസ് സ്ട്രീം, സൈന പ്ലേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റീലീസായ ചുഴല്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ഫ്രാന്‍സിലെ കാന്‍ വേദിയില്‍ അഭിമാനാര്‍ഹമായ പുരസ്‌കാരത്തിനു അര്‍ഹമായിരിക്കുന്നത്.

കാന്‍ കൂടാതെ  ആന്റമാനില്‍ നടന്ന പോര്‍ട്ട് ബ്ലയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ വിഭാഗത്തിലും മികച്ച ഹൊറര്‍ ത്രില്ലര്‍ ചിത്ര വിഭാഗത്തിലും ചുഴല്‍ പുരസ്‌കാരത്തിനു അര്‍ഹമായിട്ടുണ്ട്.

ഒരു ഹൊറര്‍ ത്രില്ലര്‍ മിസ്റ്ററി ഗണത്തില്‍ ഒരുക്കിയ ചുഴലില്‍ ആര്‍.ജെ. നില്‍ജ, എബിന്‍ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസല്‍ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിച്ചിരിക്കുന്ന ചുരുളിക്കു ശഷം ഗംഭീര പ്രകടനവുമായി ജാഫര്‍ ഇടുക്കിയും നിറഞ്ഞു നില്‍ക്കുന്നു.

സാജിദ് നാസര്‍ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഹിഷാം വഹാബാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. അമര്‍ നാഥ് ആണ് എഡിറ്റിംഗ്.

Content Highlights: The Cannes World Film Festival, Decoding Shankar, Chuzhal Movies win awards