
താറുമാറിന്റെ പോസ്റ്റർ
സിനിമക്ക് മുന്‍പുള്ള റിഹേഴ്സല്‍ പശ്ചാത്തലമാക്കി പുതിയൊരു മലയാള സിനിമ. സിനിമയുടെ പേര് താറുമാര്. സിനിമ ഷൂട്ടിംഗ് പശ്ചാത്തലമാക്കി ധാരാളം സിനിമകള്‍ മലയാളത്തിലും ഇന്ത്യന്‍ സിനിമയിലും വന്നിട്ടുണ്ടെങ്കിലും, ഷൂട്ടിനു മുന്‍പുള്ള റിഹേഴ്സല്‍ ഇതുവരെ പ്രമേയമായിട്ടില്ല. ഒരു വീടിനുള്ളില്‍ സിനിമയുടെ റിഹേഴ്സല്‍ നടക്കുമ്പോള്‍ ആറ് കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്ന ഈഗോ ക്ലാഷുകളും, അഭിപ്രായവ്യത്യാസങ്ങളുമാണ് നര്‍മരൂപത്തില്‍ താറുമാറില്‍ പറയുന്നത്.
നവാഗത നിര്‍മാതാവായ വസന്തന് ചന്ദ്രശേഖറാണ് താറുമാര് നിര്‍മിച്ചിരിക്കുന്നത്. വസന്തന്റെ പുതിയ സംരംഭമായ
ടി.സി.എസ് ഫിലിം പ്രൊഡക്ഷന്‍സും, കൊച്ചി ആസ്ഥാനമായി ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ ശര്‍മില നായര്‍ നടത്തുന്ന ഡോക് ആര്‍ട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ചലച്ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പിക്സേലിയ എന്ന ചലച്ചിത്രത്തില്കൂടി ശ്രദ്ധേയനായ രതീഷ് രവീന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ ഭാസ്കറും, ലൊക്കേഷന്‍ സൗണ്ട് നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ അശോകുമാണ്. ഫുജിഫിലിം എക്സ് ടി4 (Fujifilm XT4) എന്ന ക്യാമറയില്‍ ആദ്യമായി ഷൂട്ട് ചെയ്യപ്പെടുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് താറുമാറിന്. 99% ഷോട്ടുകളും ഫ്യൂജിയുടെ 35എംഎം ലെന്‍സിലാണ് ഷൂട്ട് ചെയ്തത്.
പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ വ്യക്തിബന്ധങ്ങളെയും ആധുനികജീവിതത്തില്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദങ്ങളെയും ഒരു സട്ടയറിക്കല് കാഴ്ചപ്പാടില്‍ തുറന്നുകാട്ടുന്നു. ആധുനിക മനുഷ്യജീവിതം എത്രത്തോളം സമ്മര്‍ദങ്ങളില്‍ ഊന്നിനില്ക്കുന്നുവെന്നും, ഈ സമ്മര്‍ദങ്ങള്‍ ഏറ്റുവാങ്ങുന്ന മനുഷ്യമനസ്സ് എത്രത്തോളം ദുര്‍ഘടമാകുന്ന പാതകളില്‍കൂടി സഞ്ചരിക്കുന്നുവെന്നും നര്മത്തില്കൂടി താറുമാര് തുറന്നുകാട്ടുന്നു. പുതുമുഖങ്ങളായ രമേശ് മേനോന്, അഞ്ജന ബാലാജി, മഞ്ജുള മോഹന്‍ദാസ്, അരുണ്‍ സുരേഷ്, ആന്റണി സനല്‍ തോമസ്, അഖില്‍ രാജ്, എന്നിവര്‍ക്കൊപ്പം പ്രശസ്ത നടന് പ്രശാന്ത് മുരളിയും സൂരജ് രാമകൃഷ്ണനും വേഷമിടുന്നു. താറുമാര് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ 'മമ്പിള്കോര്' ഷോണറിലെ സിനിമ എന്നും പ്രത്യേകതയുണ്ട്. അമേരിക്കന്‍ സ്വതന്ത്ര സിനിമയില്‍ രൂപപ്പെട്ടുവന്ന ഒരു ഷോണര്‍ ആണ് മമ്പിള്കോര്. ലൊക്കേഷന്റെ സാദ്ധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി ചെറിയ മുതല്‍മുടക്കില്‍ പുതുമുഖങ്ങളെവെച്ച് ലൊക്കേഷന്‍ സൗണ്ടും, അവൈലബിള്‍ ലൈറ്റും ഉപയോഗപ്പെടുത്തി ചെയ്തെടുക്കുന്ന സിനിമകളാണ് മമ്പിള്കോറുകള്. അമേരിക്കന്‍ സ്വതന്ത്ര സിനിമകളില്‍ കണ്ടുവന്നിട്ടുള്ള ഈ ഷോണര്‍ ഇന്ത്യന്‍ സിനിമയില്‍ വിരളമാണ്. 2021 ഏപ്രില്‍ മാസത്തില്‍ വിഷുവിനു ഛഠഠ പ്ലാറ്റ്ഫോമില്‍ താറുമാര് റിലീസ് ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..