വയനാട്ടിലെ സ്വര്‍ണഖനനം പ്രമേയമാക്കിയൊരുക്കിയ 'തരിയോട്' എന്ന ഡോക്യുമെന്ററിക്ക് പുരസ്‌കാരത്തിളക്കം.

2020-ലെ കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ മികച്ച എജ്യുക്കേഷണല്‍ പ്രോഗ്രാമിനുള്ള പുരസ്‌കാരമാണ് തരിയോടിനെ തേടിയെത്തിയത്. നിര്‍മല്‍ ബേബി വര്‍ഗീസാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. മലബാറിലെ സ്വര്‍ണഖനനത്തിന്റെ ചരിത്രം അപൂര്‍വരേഖകളിലൂടെ ആവിഷ്‌കരിച്ച ഗവേഷണമികവിനാണ് പുരസ്‌കാരമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 

കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ബേബി ചൈതന്യയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. വിവരണം ദേശീയ അവാര്‍ഡ് ജേതാവായ അലിയാറാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച ഡോക്യുമെന്ററി, സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരം, റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാല് അവാര്‍ഡുകള്‍ 'തരിയോട്' നേടിയിട്ടുണ്ട്. കോണ്ടിനെന്റല്‍ ഫിലിം അവാര്‍ഡില്‍ മികച്ച ഏഷ്യന്‍ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം- മിഥുന്‍ ഇരവില്‍, നിര്‍മല്‍ ബേബി വര്‍ഗീസ്. അഡിഷണല്‍ ക്യാമറ- ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍-- വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം- പ്രൊഫ. അലിയാര്‍, കലാസംവിധാനം- സനിത എ. ടി, നറേഷന്‍ റെക്കോര്‍ഡിങ് ആന്‍ഡ് ഫൈനല്‍ മിക്‌സിങ്ങ്- രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്ലേഷന്‍ ആന്‍ഡ് സബ്ടൈറ്റില്‍സ്- നന്ദലാല്‍ ആര്‍, സെന്‍സര്‍ സ്‌ക്രിപ്റ്റ്: സി. എസ്. അജിത്ത്.

Content Highlights: Thariyode documentary on Gold Mining wins Kerala State Television Awards