പ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തപ്പഡ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയാകുന്നു. ഭാര്യയെ അല്ലെങ്കില്‍ ജീവിത പങ്കാളിയെ തല്ലിയാല്‍ നിസ്സാരവല്‍ക്കരിക്കുന്ന പൊതു സമൂഹത്തോടുള്ള ചൂണ്ടു വിരലാണ് അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ഈ ചിത്രം. സ്‌നേഹം അല്ലെങ്കില്‍ ദേഷ്യം ശാരീരിക അതിക്രമത്തിലൂടെ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് അനുഭവ് സിന്‍ഹ  ഈ ചിത്രത്തിലൂടെ നല്‍കുന്നത്. അതുകൊണ്ടു തന്നെയാണ് തപ്പഡ് വലിയ ചര്‍ച്ചയാകുന്നതും.

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് തുടങ്ങിയ ചിത്രങ്ങള്‍ക്കുള്ള മറുപടിയാണ് തപ്പഡ് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഒരു വലിയ വിഭാഗം പറയുന്നു. സ്ത്രീ വിരുദ്ധതയുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമാണ് ഇവ രണ്ടും. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അര്‍ജ്ജുന്‍ റെഡ്ഡിയില്‍ വിജയ് ദേവേരക്കൊണ്ടയാണ് നായകന്‍. അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീര്‍ സിംഗില്‍ ഷാഹിദ് കപൂര്‍ പ്രധാനവേഷത്തിലെത്തി. ഈ രണ്ടു ചിത്രങ്ങളും വലിയ സാമ്പത്തിക വിജയം നേടി. എന്നാല്‍ സ്ത്രീ വിരുദ്ധതയുടെ പേരില്‍ ശക്തമായി വിമര്‍ശിക്കപ്പെട്ടു.

ഫിലിം കമ്പാനിയന്റെ അഭിമുഖത്തില്‍ നടി പാര്‍വതി വിജയ് ദേവേരക്കൊണ്ടയുടെ സാന്നിധ്യത്തില്‍ അര്‍ജ്ജുന്‍ റെഡ്ഡിയെ വിമര്‍ശിച്ചതും വലിയ ചര്‍ച്ചയായിരുന്നു. കാമുകിയെ തല്ലുന്നത് ചിത്രത്തില്‍ മഹത്വവല്‍ക്കരിക്കുന്നുവെന്നും ഇത്തരം രംഗങ്ങള്‍ക്ക് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നത് തന്നില്‍ ആശങ്ക ജനിപ്പിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. എന്തായാലും തപ്പഡിന്റെ ട്രെയ്‌ലര്‍ തരംഗമാകുമ്പോള്‍ ആശംസകള്‍ അറിയിച്ച് പാര്‍വതിയും രംഗത്ത് വന്നിട്ടുണ്ട്. 

Content Highlights: Thappad Trailer,  arjun reddy, kabir singh, social media discussion, misogyny in Cinema, Thapsee Pannu