തനുശ്രീ ദത്ത| Photo: instagram.com|iamtanushreeduttaofficial|?hl=en
ഏറെ കാലത്തെ ഇടവേളയ്ക്കുശേഷം അഭിനയരംഗത്തേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ് തനുശ്രീ ദത്ത. കുറച്ച് നാളുകൾക്ക് മുൻപാണ് തനുശ്രീ അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കന്‍ സർക്കാരിന് കീഴിലുള്ള ഐ.ടി. അനുബന്ധ ജോലി വേണ്ടെന്നുവച്ചിട്ടാണ് അഭിനയത്തിന് വേണ്ടി ഇന്ത്യയിലേക്ക് മടങ്ങുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ മീ ടൂ പ്രചാരണത്തിനു തുടക്കം കുറിച്ച നടിയാണ് തനുശ്രീ. നാനാ പടേക്കർക്കെതിരേയായിരുന്നു തനുശ്രീയുടെ ആരോപണം. 2008-ൽ പുറത്തിറങ്ങിയ ഹോൺ ഒകെ പ്ലീസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നാനാ പടേക്കർ തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരേയും തനുശ്രീ രംഗത്ത് വന്നിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് താന്‍ അഭിനയത്തിലേക്കു തിരിച്ചുവരികയാണെന്ന് തനുശ്രീ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
തിരിച്ചു വരുന്നതിന്റ ഭാഗമായി തനുശ്രീ ശരീരഭാരവും കുറച്ചു. ഏകദേശം 15 കിലോ ഭാരമാണ് കുറച്ചത്.
''പലരും ഡയറ്റ് പ്ലാന്‍ എന്താണെന്നാണ് അന്വേഷിക്കുന്നത്. എളുപ്പമായിരുന്നില്ല, റോമൻ സാമ്രാജ്യം ഒരു ദിനം കൊണ്ടല്ല പടുത്തുയർത്തിയത്, എന്റെ ശരീരവുമതെ. ഏകദേശം ഒരു വർഷം എടുത്തു പഴയ രൂപത്തിലേക്കെത്താൻ.'
'ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്' ആണ് താന്‍ ശരീരഭാരം കുറച്ചതിന്‍റെ രഹസ്യമെന്നും തനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും പൂര്‍ണമായി ഒഴിവാക്കിയുള്ള ഡയറ്റാണ് തനുശ്രീ പിന്തുടര്‍ന്നത്. ഒപ്പം മുടങ്ങാതെ വ്യായാമവും ചെയ്തിരുന്നുവെന്നും തനുശ്രീ പറയുന്നു.
"ശിവഭക്തയായത് കൊണ്ട് തിങ്കളാഴ്ചകളിൽ വ്രതമെടുത്തു. മാംസാഹാരവും പാൽ ഉൽപ്പന്നങ്ങളും ഉപേക്ഷിച്ചു. ധാരാളം പച്ചക്കറി കഴിച്ചു. ആയുർവേദം അനുശാസിക്കുന്ന ജീവിതരീതിയാണ് പിന്തുടർന്നത്. ദിവസവും ധാരാളം വെള്ളം കുടിക്കും. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ നാരങ്ങയിട്ട് കുടിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഗ്രീന്‍ ടീയും. രാത്രി ഭക്ഷണം എട്ട്- ഒന്‍പത് മണിക്ക് മുന്‍പ് കഴിച്ചിരിക്കും. ദിവസവും 40 മിനിറ്റ് നടക്കും, 40 മിനിറ്റ് മറ്റ് വ്യായാമങ്ങള്‍ ചെയ്യും.
"ഫ്രഷ് ജ്യൂസും ഗ്രീന്‍ടീയും കുടിക്കുമായിരുന്നു. ഗ്രീൻ സാലഡുകളും ധാരാളം കഴിച്ചു. ചില ദിവസങ്ങളിൽ ഇത് തെറ്റിക്കാറുണ്ടായിരുന്നു. എന്നാൽ വളരെ പെട്ടന്ന് തന്നെ ചിട്ടയായ ജീവിതശെെലിയിലേക്ക് തിരിച്ചു വരും. ഇതൊന്നും മായാജാലമല്ല, ഇതിന് പിറകിൽ വലിയ രഹസ്യവുമില്ല. ശരീരത്തിന് ആവശ്യമില്ലാത്ത ചില കാര്യങ്ങൾ ഉപേക്ഷിച്ചു അത്രമാത്രം. ജീവിതശെെലിയിൽ മാത്രമല്ല കാഴ്ചപ്പാടിലും മാറ്റങ്ങൾ വരുത്തി. നെഗറ്റീവിറ്റിയെ പൂർണമായും ഒഴിവാക്കാൻ പഠിച്ചു.''- തനുശ്രീ കൂട്ടിച്ചേർത്തു.
Content Highlights: ActressThanusree Dutta weigh loss journey, comeback to Cinema Industry, Hindi Film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..