തങ്കം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/IamBijuMenon/photos
'തങ്കം' സിനിമയുടെ ട്രെയിലർ പൊന്നുപോലെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. യൂട്യൂബിലെത്തി മണിക്കൂറുകൾക്കുള്ളിൽ വൺ മില്യൺ കടന്നിരിക്കുകയാണ് ബിജു മേനോനും വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന 'തങ്കം' ട്രെയിലര്‍. 'വാട് എ കാസ്റ്റ്', 'ഭാവന വീണ്ടും ഞെട്ടിക്കുന്നു', 'ഒരിക്കലും നിരാശപ്പെടുത്താത്ത ശ്യാമിന്റെ പടം', 'ഇത് ദുരൂഹമാണല്ലോ' തുടങ്ങി നിരവധി കമന്റുകളാണ് ട്രെയിലറിന് താഴെ വന്നിട്ടുള്ളത്.
ചരിത്രാതീത കാലം മുതൽ മനുഷ്യ വര്‍ഗ്ഗം കൈയ്യാളുന്ന വിലപിടിപ്പുള്ള ലോഹമായ തങ്കത്തിന്റെ വഴിയേയുള്ള ചിലരുടെ വഴിവിട്ട സഞ്ചാരങ്ങളും കള്ളങ്ങളും പോലീസ് കേസന്വേഷണവും മറ്റുമൊക്കെയായി ഒരു ക്രൈം ഡ്രാമ തന്നെയാണ് സിനിമയെന്ന സൂചന നൽകുന്നതാണ് പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍. ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് 'തങ്കം'.
ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ഏറെ അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ഇരുവർക്കുമുള്ളതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ചിത്രത്തിൽ ഏറെ ശക്തമായ ഒരു വേഷത്തിൽ ചിത്രത്തിൽ അപര്‍ണ ബാലമുരളിയുമുണ്ട്. ബോളിവുഡ് സംവിധായകനും നടനുമായ ഗിരീഷ് കുൽക്കർണി പോലീസ് ഓഫീസറുടെ വേഷത്തിൽ ചിത്രത്തിലുണ്ട്.
ഒട്ടേറെ മറാഠി- തമിഴ് താരങ്ങളും സിനിമയിലുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറിന്റേതായി ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍.
ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമ ഒട്ടേറെ ദുരൂഹതകൾ ഒളിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരിലേക്കെത്തുന്നതെന്നാണ് ട്രെയിലര്‍ സൂചന നൽകുന്നത്. ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ 'ദേവീ നീയേ, വരലക്ഷ്മി നീയേ...' എന്ന ഗാനം ഇതിനകം യൂട്യൂബിൽ തരംഗമാണ്.
സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ശ്യാം പുഷ്കരനാണ്. ഛായാഗ്രഹണം ഗൗതം ശങ്കര്‍, സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ഗോകുല്‍ ദാസ്.
Content Highlights: thankam trailer crossed one million, vineeth sreenivasan, biju menon, aparna balamurali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..