തല്ലുമാല ട്രെയിലറിൽ നിന്നൊരു രംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ്
സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും താരങ്ങൾക്ക് യഥാർത്ഥത്തിൽ അടികൊള്ളേണ്ടിവരാറുണ്ട്. സിനിമയൊക്കെ ഇറങ്ങി കുറച്ചുദിവസങ്ങൾ കഴിഞ്ഞിട്ടായിരിക്കും പ്രേക്ഷകർ മേക്കിങ് വീഡിയോയിലൂടെയും മറ്റും ഇക്കാര്യം അറിയുക. എന്നാൽ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് തല്ലുമാല ടീം.
രണ്ട് ദിവസം മുമ്പ് വന്ന തല്ലുമാല ട്രെയിലറിലെ പ്രധാന ആകർഷണം സംഘട്ടനരംഗങ്ങളായിരുന്നു. ഇതിൽ ഒരിടത്ത് ടോവിനോ തോമസിന് അടിയേൽക്കുന്നതായി കാണിക്കുന്നുണ്ട്. ഈ രംഗത്തിൽ ടോവിനോ ശരിക്ക് അടിവാങ്ങുന്നതായുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ടോവിനോ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അടി കൊണ്ടോന്റെ ചിരി കണ്ടോളീ എന്നാണ് താരം വീഡിയോക്കൊപ്പം എഴുതിയിരിക്കുന്നത്.
താരങ്ങളടക്കം നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. എക്സലന്റ് എന്നായിരുന്നു നടൻ ലുക്മാൻ അവറാന്റെ പ്രതികരണം. ഇതിപ്പോ അനക്ക് പുതിയ കാര്യമൊന്നും അല്ലല്ലോ എന്നാണ് സംയുക്താ മേനോന്റെ കമന്റ്. സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ പറഞ്ഞത് റിയലിസ്റ്റിക് ആക്റ്റിങ് എന്നായിരുന്നു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെൻട്രൽ പിക്ചേർസ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
വിഷ്ണു വിജയ് ഈണമിട്ട രണ്ട് ഗാനങ്ങൾ നേരത്തേതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഷോബി പോൾരാജ് കൊറിയോഫിയും സുപ്രിം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.
കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ എസ് ദിനേശ്, പോസ്റ്റർ - ഓൾഡ്മോങ്ക്സ്, മാർക്കറ്റിങ് - ഒബ്സ്ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ
ഓഗസ്റ്റ് 12 ന് തല്ലുമാല തിയറ്ററുകളിൽ എത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..