പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന  ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വാർത്തകൾക്കാണ് സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നത്. ചിത്രം ഓ.ടി.ടി റിലീസായിരിക്കുമോ അതോ തീയേറ്ററുകളിൽ റിലീസിനെത്തുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവ്യക്തത നിലനിൽക്കേ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പകർത്തിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

സിനിമാ ചിത്രീകരണം കാണാൻ സ്പെഷ്യൽ അതിഥി എത്തിയതിന്റെ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. തമിഴകത്തിന്റെ സ്വന്തം 'തല' അജിത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയില്‍ അപ്രതീക്ഷിത സന്ദർശനം നടത്തിയത്.

സെറ്റിലെത്തിയ അജിത്തിനെ മോഹന്‍ലാലും പ്രിയദര്‍ശനുമടക്കമുള്ളവർ ചേര്‍ന്ന് സ്വീകരിച്ചു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന അര്‍ജുന്‍, സുനില്‍ ഷെട്ടി, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ് എന്നിവരുമായി അജിത് കുശലം പറയുന്നതും വീഡിയോയില്‍ കാണാം. സെറ്റിലുള്ള എല്ലാവരേയും കണ്ട് പരിചയപ്പെട്ടതിനു ശേഷമായിരുന്നു അജിത്തിന്റെ മടക്കം.

അതേസമയം മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സിനിമാ സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റ് ചിത്രമായ മരക്കാറിന്‍റെ മുടക്കുമുതല്‍ 100 കോടിയാണ്. പോയ വർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രത്തിൽ വൻതാരനിര തന്നെയാണ് അണിനിരക്കുന്നത്. 

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങിയവർ ചിത്രത്തിന്റെ ഭാ​ഗമാവുന്നു. 

content highlights : Thala Ajith visits Marakkar movie sets Mohanlal Priyadarshan Pranav Kalyani manju