തായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള ചിത്രം'ഈവ'പ്രത്യേക ജൂറി പുരസ്‌കാരം നേടി. ബംഗാളി താരം പായല്‍ മുഖര്‍ജി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച'ഈവ'സംവിധാനം ചെയ്തത് സോഹന്‍ലാല്‍ ആണ്‌. നിര്‍മ്മാണം അനോഘരാജന്‍.

സെപ്റ്റംബര്‍ 17 മുതല്‍ 23 വരെ ബാങ്കോക്കിലാണ് ചലച്ചിത്ര മേള നടന്നത്. തായ് ഫിലിം ഫെസ്റ്റിവലിനു പുറമെ ഫാല്‍ക്കണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പൂനെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍,ഹിമാചല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍, കോലാപ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലേക്കും'ഈവ'തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

EVA

ട്രാഫിക് പോലീസുകാരിയാണ്'ഈവ'. പുതിയ നിയമനമാണ്. ആദ്യമായി കിട്ടിയ ഡ്യൂട്ടിക്കിടയില്‍ ഞെട്ടിക്കുന്ന ഒരു സംഭവം ഈവയുടെ ജീവിതത്തിലുണ്ടാവുന്നു. സമൂഹത്തെ ഭയന്ന് പുറത്തിറങ്ങാനാകാതെ ഒരു ദിവസം മുഴുവന്‍ അവള്‍ക്കു ഒരു പബ്ലിക് ടോയ്ലെറ്റില്‍ നഗ്‌നയായി കഴിയേണ്ടി വരുന്നു. വാതില്‍ തള്ളി തുറന്നു ഒരു കൂട്ടം ചെറുപ്പക്കാര്‍ അവളെ ആക്രമിക്കുന്നതും കാട്ടുവഴിയിലൂടെ ഇറങ്ങി ഓടി ചീറിപ്പായുന്ന ട്രെയിനിന്റെ മുന്നില്‍ ചെന്ന് പെടുന്നതുമൊക്കെ'ഈവ'യെ തായ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയ രംഗങ്ങളാണ്.