ഒരു കൊച്ചുകഥ, ആരും പറയാത്ത കഥ, രവി അഭിനയിച്ച ഒരു സിനിമയുടെ പേരാണിത്. എന്നാല്‍, അദ്ദേഹത്തിന്റെ ജീവിതത്തിലുമുണ്ട് ഇതുപോലെ ആരും പറയാത്ത ഒരു കഥ.

അമ്പിളി ഒരു ഡോക്ടര്‍ മാത്രമായിരുന്നില്ല. അത്യാവശ്യം കവിതകള്‍ എഴുതുന്ന ഡോക്ടര്‍. ആദ്യം വായിച്ചുകേള്‍പ്പിച്ചിരുന്നത് ഭര്‍ത്താവിനെയും. മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന് അമ്പിളിക്ക് നല്ലബോധ്യമുണ്ടായിരുന്നു. കരള്‍മാറ്റിവെക്കല്‍ പ്രതീക്ഷയായിരുന്നെങ്കിലും തടസ്സങ്ങളുടെ പരമ്പരതന്നെ അക്കാര്യത്തിലുണ്ടായി.

ഒടുവില്‍ അമ്പിളിഡോക്ടര്‍ വിടവാങ്ങി. മരിച്ചശേഷം കുറച്ചുനാള്‍ കഴിഞ്ഞ് ഒരുദിവസം അമല മെഡിക്കല്‍ കോളേജില്‍നിന്ന് വിദ്യാര്‍ഥികളും ഡോക്ടര്‍മാരും രവിയെ കാണാനെത്തി. അവരുടെ കൈവശം ഒരു കോളേജ് മാഗസിന്‍. അത് നല്‍കാനാണെത്തിയത്. 'വേരുകള്‍' എന്ന പേരില്‍ അമ്പിളി എഴുതിയ ഒരു കവിത അതിലുണ്ട്. വായിച്ചുനോക്കിയ രവി അമ്പരന്നു. ഇങ്ങനൊന്ന് അദ്ദേഹം കണ്ടിട്ടില്ല. മനസ്സൊന്നു പിടഞ്ഞു. 'വേരുകളില്ലാത്ത പാഴ്മരംപോലൊരു ജീവിതമിനിയെനിക്കെന്തിനാകാം... നിത്യമായ് തീരുമെന്നാശിച്ചതൊക്കെയും സത്യത്തിന്‍സങ്കല്പമായിരുന്നു'

രാവിലെ ഉഷാറായി ഒരു കട്ടന്‍, പിന്നെ പച്ചക്കറി കൃഷി; ടി.ജി രവി ഇപ്പോള്‍ ഇങ്ങനെയാണ്‌.

പിന്നീട് ആഫ്രിക്കയില്‍ മകന്‍ രഞ്ജിത്തിനടുത്തേക്ക് കുറേനാള്‍ താമസിക്കാന്‍ പോയപ്പോള്‍ ഗായിക ചിത്ര അവിടെ ഒരിക്കല്‍ എത്തി. ചിത്രയെക്കണ്ട് രവി ഇങ്ങനെ അഭ്യര്‍ഥിച്ചു. ഈ കവിത ഒന്നുപാടി റെക്കോഡ് ചെയ്തുതരുമോ? കവിത വായിച്ച ചിത്ര തിരിച്ച് ഒരു അഭ്യര്‍ഥന. രവിയേട്ടന്‍ ഇതിന് എനിക്ക് പ്രതിഫലം തരരുത്. അങ്ങനെ തൃശ്ശൂരിലെ സണ്ണിമാഷ് ഈണമിട്ട ട്യൂണുമായി ഇളയമകന്‍ ചെന്നെയിലെത്തി ചിത്രയ്ക്ക് കൈമാറി. ആ കവിത ഇപ്പോള്‍ യുട്യൂബിലുണ്ട്. ഒരു ദിവസം ഒരിക്കലെങ്കിലും രവിയുടെ മൊബൈലില്‍ 'വേരുകള്‍' കേള്‍ക്കാം. അമ്പിളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു ആത്മബലം.

Content Highlights: TG ravi shares his memory about Late wife Ambili, Interview