തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയില്‍ പ്രതിസന്ധിയുടെ കാലത്തെ അടയാളപ്പെടുത്തുന്ന പത്ത്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേളയിലെ ഐസൊലേഷന്‍ സര്‍വൈവല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ജിനേഷ് വി എസ് സംവിധാനം ചെയ്ത അകം, ബ്രിജേഷ് പ്രതാപിന്റെ ഭയഭക്തി, പുരോഹിതന്മാരായ ഫാ.ജേക്കബ് കോരോത്ത്, ജയിംസ് തോട്ടിയില്‍ എന്നിവര്‍ ഒരുക്കിയ ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, ലൈഫ് ഓഫ് ബ്യുട്ടിഫുള്‍, ദ റാറ്റ്, സൂപ്പര്‍ സ്‌പ്രെഡര്‍, റിയാസ് ഉമ്മര്‍ സംവിധാനം ചെയ്ത ഒരേ ശ്വാസം, ദേവി പി  വി സംവിധാനം ചെയ്ത കള്ളന്റെ ദൈവം എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ദ്രന്‍സ് ബാര്‍ബറുടെ വേഷത്തിലെത്തുന്ന ചിത്രമായ ഒരു ബാര്‍ബറിന്റെ കഥയും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ഷനോജ് ആര്‍ ചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രതിസന്ധിയുടെ കാലത്ത് ഒരു ബാര്‍ബര്‍ ഹിറ്റ്‌ലറുടെ മനോവിചാരങ്ങള്‍ അനുകരിക്കുന്നതാണ് പ്രമേയം.

ലോക്ഡൗണ്‍ കാലത്തെ കലാകാരന്മാരുടെ സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കാന്‍ ചലച്ചിത്ര അക്കാഡമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥ രചനാമത്സരത്തില്‍ നിന്ന് തിരഞ്ഞെടുത്ത പത്ത്  കഥകളാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍.