തെലുങ്ക് താരങ്ങളായ രാം ചരണിനും വരുൺ തേജിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുകയാണ്. 

രാം ചരണിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും രാം ചരൺ അറിയിച്ചു.

 ചെറിയ ലക്ഷണങ്ങളെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് വരുണിനും കോവിഡ് സ്ഥിരീകരിച്ചത്.  "ഞാനിപ്പോൾ ആവശ്യമായ മുൻകരുതലുകൾ എല്ലാം എടുത്ത് ക്വാറന്റീനിലാണ്. ഉടനെ മടങ്ങിവരും. എല്ലാവരുടെയും സ്നേഹത്തിന് നന്ദി", വരുൺ ട്വിറ്ററിൽ കുറിച്ചു. തങ്ങളുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കമുണ്ടായവർ കോവിഡ് ടെസ്റ്റ് നടത്താനും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. 

കുറച്ചു ദിവസങ്ങൾക്കു മുൻപ് കുടുംബാംഗങ്ങൾക്കായി  രാം ചരൺ ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ വരുൺ തേജും പങ്കെടുത്തിരുന്നു. 

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വരുണിന്റെ സഹോദരി നിഹാരിക കോനിഡേലയുടെ വിവാഹം ആഘോഷപൂർവം നടന്നത്. തെലുങ്ക് സിനിമയിലെ പ്രമുഖരെല്ലാം ചടങ്ങിൽ കുടുംബസമേതം പങ്കെടുത്തിരുന്നു. 

Content Highlights : Telugu Actors Ram Charan And Varun Tej tested positive for corona virus Covid 19