നാഗചൈതന്യ, 2018 സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/chayakkineni_official/, www.facebook.com/judeanthanyjoseph
റെക്കോർഡുകളും ഭാഷയുടെ അതിരുകളും കടന്ന് വിജയയാത്ര തുടരുകയാണ് ജൂഡ് ആന്തണി ചിത്രം 2018. മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ചിത്രമാവുമോ എന്ന് ഏവരും ഉറ്റുനോക്കുന്ന ചിത്രത്തിന് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും അഭിനന്ദന പ്രവാഹമാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. ഈയവസരത്തിൽ ചിത്രം കണ്ട തെലുങ്കിലെ യുവനടൻ നാഗചൈതന്യയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
കഴിഞ്ഞദിവസമാണ് 2018-എന്ന ചിത്രത്തേക്കുറിച്ച് നടൻ നാഗചൈതന്യ മനസുതുറന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് നാഗചൈതന്യ കണ്ടത്. ചിത്രത്തെ പ്രശംസകൊണ്ട് മൂടുകയാണ് അദ്ദേഹം. 2018 -ന്റെ തെലുങ്ക് പതിപ്പ് കണ്ടു. എത്ര മനോഹരവും അതീവ ഊഷ്മളവും വൈകാരികവുമായ ചിത്രമാണിതെന്ന് താരം ട്വീറ്റ് ചെയ്തു.
സംവിധായകൻ ജൂഡിനേയും താരങ്ങളേയും നാഗചൈതന്യ പേരെടുത്ത് അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരും എല്ലാ രീതിയിലും മികച്ചുനിന്നു. ഇങ്ങനെയൊരു ചിത്രം തെലുങ്കിൽ അവതരിപ്പിച്ചതിന് ബണ്ണി വാസിന് നന്ദി പറയുന്നുമുണ്ട് യുവതാരം. നാഗചൈതന്യയുടെ ട്വീറ്റിന് നന്ദിയറിയിച്ചുകൊണ്ട് നടൻ ടൊവിനോ തോമസും പിന്നാലെയെത്തി.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ '2018' മെയ് 5 -നാണ് തിയറ്റർ റിലീസ് ചെയ്തത്.
'കാവ്യ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി. ധർമജന്റെതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്.
Content Highlights: telugu actor naga chaitanya praised 2018 movie and jude anthany, tovino thomas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..