തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങള്‍. സംഭവത്തെ അപലപിച്ച്‌ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.  കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന് നടിയും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ജയാ ബച്ചന്‍ അഭിപ്രായപ്പെട്ടു. ജനക്കൂട്ടം ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്നാണ് ജയ ബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞു.

ഷംഷാബാദില്‍ നടന്ന സംഭവം അതിക്രൂരമാണെന്നും ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്നും നടി അനുഷ്‌ക ശര്‍മ കുറിച്ചു. 

'വേദന, രോഷം, നിരാശ, അവിശ്വസനീയത...  വളരെ ഭയാനകമായ സംഭവമാണിത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം... ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് എന്റെ പ്രാര്‍ഥനകള്‍. എത്രയും വേഗം തന്നെ നീതി നടപ്പിലാക്കണം.' 

അനുഷ്‌കയുടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്ലി പങ്കുവച്ചതിങ്ങനെ:

'ഹൈദരാബാദില്‍ നടന്നത് ഏറെ ലജ്ജാവഹമായ കാര്യങ്ങളാണ്. മനുഷത്യരഹിതമായ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹം മുന്‍കൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'

സംഭവത്തിന്റെ നടുക്കത്തില്‍ അനുഷ്‌ക ഷെട്ടി പ്രതികരിച്ചതിങ്ങനെ...

'മനുഷത്വത്തെ ഉലച്ചു കളഞ്ഞ ഒരു ദുരന്തമായിരുന്നു ഇത്. ഈ കൊടുംകുറ്റവാളികളുമായ താരതമ്യം വന്യജീവികള്‍ക്ക് നാണക്കേടാണ്. ഈ സമൂഹത്തില്‍ ഒരു സ്ത്രീയായി ജനിക്കുന്നത് കുറ്റമാണോ? പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ക്ക് എത്രയും പെട്ടന്ന് ശിക്ഷവാങ്ങിക്കൊടുക്കാനാണ് ഇപ്പോള്‍ നമ്മളിനി പോരാടേണ്ടത്'- അനുഷ്‌ക പറയുന്നു. 

മനുഷ്യര്‍ക്കിടയിലെ ചെകുത്താന്‍മാരെ തുരത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് നടന്‍ സല്‍മാന്‍ ഖാന്‍ കുറിച്ചു.

'നിര്‍ഭയയും ഈ പെണ്‍കുട്ടിയും കടന്നു പോയ വേദനകളിലൂടെ, പീഡനങ്ങളിലൂടെ ഇനിയൊരു പെണ്‍കുട്ടിയും കടന്നു പോകാതിരിക്കാന്‍, നമുക്ക് ഒരുമിച്ചു നിന്ന് മനുഷ്യന്മാര്‍ക്കിടയിലെ ചെകുത്താന്മാരെ തുരത്താം. ഇനി ഒരു കുടുംബത്തിനും ഇത്തരം സംഭവങ്ങളുടെ പേരില്‍ കരയേണ്ടി വരരുത്. ആ പെണ്‍കുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.'

സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരിടമായി എന്നാണ് നമ്മുടെ രാജ്യം മാറുക എന്ന് കീര്‍ത്തി സുരേഷ് ചോദിക്കുന്നു. 

'ദിവസം ചെല്ലുന്തോറും കാര്യങ്ങള്‍ കൂടുതല്‍ ഭയാനകമായി മാറിക്കൊണ്ടിരിക്കുകയാണ്. അതും ഏറ്റവും സുരക്ഷിതമെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ഹൈദരാബാദ് പോലെയൊരു നഗരത്തില്‍. സ്ത്രീകള്‍ക്ക് ഏതു സമയത്തും സ്വതന്ത്രമായി സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരിടമായി എന്നാണ് നമ്മുടെ രാജ്യം മാറുക? ഇത്തരം സൈക്കോപാത്തുകളുടെ തേടിപ്പിടിച്ച് എത്രയും പെട്ടന്നു തന്നെ ശിക്ഷിക്കണം'- കീര്‍ത്തി കുറിച്ചു.

മനുഷ്യരെപ്പോലെ പെരുമാറാത്തവര്‍ക്ക് മനുഷ്യാവകാശ നിയമങ്ങള്‍ ബാധകമല്ലെന്നായിരുന്നു വിജയ് ദേവേരക്കൊണ്ട കുറിച്ചത്. 

'ഭയപ്പെടുത്തുന്ന സംഭവമാണിത്. കുടുംബത്തിലുള്ള പുരുഷന്മാരുടെ അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ നമ്മള്‍ തീര്‍ച്ചയായും ഉത്തരവാദിത്തം കാണിക്കണം. തെറ്റായ പെരുമാറ്റം ആരില്‍ നിന്നുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കണം, ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കിക്കൊടുക്കണം. മനുഷ്യരെപ്പോലെ പെരുമാറാത്തവര്‍ക്ക് മനുഷ്യാവകാശ നിയമങ്ങള്‍ ബാധകമല്ല. അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. ഈ സന്ദേശം പ്രചരിപ്പിക്കണം'- വിജയ് ദേവേരക്കൊണ്ട കുറിച്ചു.

സംഭവത്തില്‍ നടി രാകുല്‍ പ്രീത്സിങ് പ്രതികരിച്ചതിങ്ങനെ:

'എങ്ങനെ പ്രതികരിക്കണമെന്നു പോലും എനിക്കറിയില്ല. ഒരു കുറ്റകൃത്യത്തെക്കുറിച്ചോ, ക്രൂരതയെക്കുറിച്ചോ ചിന്തിക്കാനാകാത്ത വിധം ആളുകളുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍ ഒരു ദേശം ഒരുമിച്ചു നില്‍ക്കേണ്ട സമയമായിരിക്കുന്നു'.

ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപമാണ് ബുധനാഴ്ച രാത്രി 26-കാരിയായ ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗംചെയ്ത് കൊന്നത്. ടോള്‍ പ്ലാസയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ നിന്ന് യുവതിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതശരീരം കണ്ടെടുത്തു.. ലോറിഡ്രൈവറായ മുഹമ്മദ് ആരിഫും കൂട്ടാളികളായ ജോളു നവീന്‍ (ക്ലീനര്‍), ചെന്ന കേശവുലു (ക്ലീനര്‍), ജോളു ശിവ (ഡ്രൈവര്‍) എന്നിവരുംചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. പ്രതികളെല്ലാം 30 വയസ്സില്‍ താഴെയുള്ളവരാണ്. സി.സി.ടി.വി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ഇവരെ പോലീസ് കഴിഞ്ഞദിവസം പിടികൂടി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാവുകയാണ്. 

Content Highlights: Telangana doctor rape murder, film stars condemn issue, demand Justice, Vijay Deverakonda, Anushka Shetty, Anushka Sharma, Virat Kohli