സംവിധായകന്‍ കരണ്‍ ജോഹറിന് സമ്മാനിച്ച പദ്മശ്രീ ബഹുമതി തിരിച്ചെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണൗത്ത്. കങ്കണയുടെ ടീമിന്റെ പേരിലുള്ള ട്വിറ്റര്‍ പേജിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആവശ്യം ഉന്നയിക്കുന്നതിനു പിന്നിലുളള കാരണങ്ങളും കങ്കണ ട്വീറ്റില്‍ വിവരിക്കുന്നുണ്ട്.

ഒരു രാജ്യാന്തരപുരസ്കാരവേദിയിൽ വച്ച് കരൺ ജോഹർ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സുശാന്തിന്റെ കരിയർ നശിപ്പിക്കാനുള്ള ഗൂഢാലോചനയിൽ കരണിനും പങ്കുണ്ടെന്നും കങ്കണ പറയുന്നു. ഇതുകൂടാതെ കരൺ പാക്കിസ്താനെ പിന്തുണയ്ക്കുന്ന രാജ്യദ്രോഹിയാണെന്നും ഉറി ആക്രമണത്തിനു ശേഷവും അത് പ്രകടമായിരുന്നുവെന്നും കങ്കണ പറയുന്നു. കരൺ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ ഗുഞ്ജൻ സക്സേന ദേശവിരുദ്ധ സിനിമയാണെന്നും കങ്കണ ആരോപിക്കുന്നു.

ജനുവരിയിലാണ് കരൺ ജോഹറിന് രാജ്യം പദ്മശ്രീ നൽകി ആദരിച്ചത്. കങ്കണയും പദ്മശ്രീ ജേതാവാണ്. വേദിയിൽ വച്ച് കങ്കണ കരൺ ജോഹറെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ബോളിവുഡിലെ സ്വജനപക്ഷപാതച്ചർച്ചകൾ ചൂടുപിടിച്ചപ്പോൾ കങ്കണ കരണിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർത്തിയിരുന്നു. സ്വജനപക്ഷപാതത്തിന്റെ വക്താവാണ് കരൺ എന്ന തരത്തിൽ വിമർശിച്ചിരുന്നു.

കരൺ ജോഹർ ദേശവിരുദ്ധത കാണിക്കുന്നു എന്നതാണ് കങ്കണയുടെ മറ്റൊരു ആരോപണം. ഉറി ആക്രമണത്തിനു ശേഷവും പാക്കിസ്താനിയായ നടൻ ഫവദ് ഖാനെ അഭിനയിപ്പിച്ചുകൊണ്ട് യേ ദിൽ ഹേ മുശ്കിൽ എന്ന ചിത്രം സംവിധാനം ചെയ്തു. കരൺ ജോഹർ നിർമ്മാതാവായ ഗുഞ്ജൻ സക്സേന - ദ കാർഗിൽ ഗേൾ എന്ന ചിത്രത്തിൽ പുരുഷന്മാരായ എയർ ഫോഴ്സ് ഓഫീസർമാരെ മുഴുവൻ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കങ്കണ ആരോപിക്കുന്നു.

Content Highlights :team kangana ranaut requests indian government to take back anti national karan johar padmasri tweet