കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി. ‘കാണെക്കാണെ’എന്ന സിനിമയുടെ ലൊക്കേഷനിലേക്കെത്തിയ താരത്തിന് വലിയ വരവേൽപ്പാണ് സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയത്. കേക്ക് മുറിച്ചായിരുന്നു ടൊവിനോയുടെ തിരിച്ചുവരവ് ആഘോഷിച്ചത്.

മനു അശോകൻ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ' കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. ഐശ്വര്യലക്ഷ്മി, സുരാജ് വെഞ്ഞാറമ്മൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ബോബി സഞ്ജയ്-ടൊവിനോ-മനു അശോകകൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  'ആസ് യു വാച്ച്' എന്നാണ് ചിത്രത്തിന്റെ ടാഗ്​ലൈൻ. ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. 

കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് അപകടം പറ്റിയത്.  അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേർന്ന്  രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights : Team kaanekkaane Welcomes tovino tho the set Aishwarya Lakshmi Sruthi Ramachandran Manu Ashokan