ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ അനുരാഗ് കശ്യപിന് പിന്തുണയുമായി നടി താപ്സി പന്നു. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താപ്സി കുറിച്ചത്.

നിങ്ങൾക്കായി.. എന്റെ സുഹൃത്തേ..ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്.നിങ്ങൾ സൃഷ്ടിക്കുന്ന ലോകത്തെ സ്ത്രീകൾ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റുകളിൽ ഉടൻ തന്നെ നമുക്ക് കാണാം." താപ്സി കുറിച്ചു.

സാന്ദ് കി ആങ്ക്, മൻമർസിയാൻ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.


ഇക്കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തുന്നത്. എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിക്കുന്നു.

എന്നാൽ പായലിന്റേത് അടിസ്ഥാനരഹിതമയ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് കശ്യപ് ഇതിനോട് പ്രതികരിച്ചത്. അനുരാഗിനെതിരായ ആരോപണവുമായി രംഗത്ത് വന്ന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്നെ സഹായിക്കണമെന്ന് അഭ്യർഥിച്ച് പായൽ ട്വീറ്റ് ചെയ്തിരുന്നു. അനുരാഗ് തന്നെ ക്രൂരമായാണ് ഉപദ്രവിച്ചതെന്നും അനുരാഗ് എന്ന കലാകാരനുള്ളിലെ പിശാചിനെ പുറത്ത് കൊണ്ടുവരണം എന്നും അഭ്യർഥിച്ചായിരുന്നു പായലിന്റെ ട്വീറ്റ്.

പായലിന്റെ ഈ ട്വീറ്റിനോട് പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയും രംഗത്തെത്തിയിട്ടുണ്ട്.. വിശദമായ പരാതി സമർപ്പിക്കാൻ ഇവർ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights : Tapsee Pannu Supports Anurag Kshyap On Sexual Allegations by Payal Ghosh