തനുശ്രീ ദത്ത, കാമരാജ്
ബെംഗളൂരുവില്‍ യുവതിയെ കൈയ്യേറ്റം ചെയ്തെന്ന പേരില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജിനെതിരേ നടി തനുശ്രീ ദത്ത. ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലും പുരുഷന് സ്ത്രീകളെ അതിക്രമിച്ചാല്‍ അത് തുറന്ന് സമ്മതിച്ചിട്ടുണ്ടോ എന്നും ഹിതേഷ തെറ്റുകാരിയാണെങ്കില്‍ സൊമാറ്റോ എന്തിന് അവരുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്തു നടത്തുന്നുവെന്നും തനുശ്രീ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കാമരാജിനെ പിന്തുണച്ച സെലിബ്രിറ്റികളെയും തനുശ്രീ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
1. വിദ്യാസമ്പന്നയായ ഒരു യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത സംഭവം അവസാനിക്കുന്നത് അവരുടെ ചോരയൊലിക്കുന്ന മൂക്കിലാണ്. ഏല്ലാ കഥകള്‍ക്കും മറ്റൊരു വശമുണ്ടാകില്ലേ?
2 സ്ത്രീകളെ അതിക്രമിക്കുന്ന പുരുഷന്മാര് ശിക്ഷ ഭയന്ന് സത്യം പറയുകയില്ല. അവര്‍ എല്ലാം നിഷേധിക്കും, കരയും കാലുപിടിക്കും, അനുകമ്പ പിടിച്ചു പറ്റാന്‍ ശ്രമിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലും പുരുഷന് സ്ത്രീയെ അതിക്രമിച്ചാല്‍ സത്യം പറഞ്ഞിട്ടുണ്ടോ?
3. ഹിതേഷ പണം നല്‍കാനോ ഭക്ഷണം തിരികെ നല്‍കാനോ തയ്യാറാകുന്നില്ല. അയാളെ ചീത്ത പറയുന്നു, ചെരുപ്പു കൊണ്ട് മര്‍ദ്ദിക്കുന്നു. അങ്ങനെയാണെങ്കില്‍ അയാള്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല. ഹിതേഷ അവരുടെ മോതിരം ഉപയോഗിച്ച് സ്വന്തം മൂക്കില്‍ ഇടിച്ച് ചോര വരുത്തി സ്വന്തം മുഖം നശിച്ച് ആശുപത്രിയിലായത് പ്രശസ്തിയ്ക്ക് വേണ്ടിയാണെന്നാണ് ചിലരുടെ വാദം.
4 അവള് ഒരു നുണച്ചിയാണെങ്കില്‍ എന്തിനാണ് ഫൂഡ് ഡെലിവെറി ആപ്പ് അവളുടെ ചികിത്സ ഏറ്റെടുത്തത്?
5. ബോളിവുഡിലെ ഡിജിറ്റല്‍ പോര്‍ട്ടലുകളും താരങ്ങളും ഈ പ്രശ്നത്തില്‍ ഇടപ്പെട്ട് ഈ അക്രമത്തെ മറ്റൊരു തലത്തില്‍ കൊണ്ടുപോയിരിക്കുകയാണ്. ഒരു മധ്യവര്‍ഗ്ഗ എഞ്ചിനീയര്‍ക്ക് ഇത്തരത്തില്‍ പി.ആര് വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. പക്ഷേ ഒരു ഫുഡ് ഡെലിവെറി ആപ്പിന് സാധിക്കും.
6. അതുകൊണ്ടു തന്നെ വിദ്യാഭ്യാസമില്ലാത്ത ക്രൂരനായ വ്യക്തി ഒരു പെണ്ണിനെ പട്ടാപ്പകല്‍ ഉപദ്രവിച്ച് മുതലക്കണ്ണീർ ഒഴുക്കിയാല്‍ ഈ വ്യാജ ഫെമിനിസ്റ്റുകള്‍ പിന്തുണയുമായി രംഗത്ത് വരും- തനുശ്രീ കുറിച്ചു.
ഫുഡ് ഡെലിവറി ആപ്പ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന പി.ആര് സ്റ്റണ്ട് കണ്ട് മനംമടുത്തതിനാല്‍ താന്‍ ഈ ആപ്പ് അണ്‍സബ്സ്ക്രൈബ് ചെയ്യുന്നതായും തനുശ്രീ കൂട്ടിച്ചേര്‍ത്തു.
ഭക്ഷണം എത്തിക്കാന്‍ വൈകിയത് സംബന്ധിച്ച് യുവതിയും ഭക്ഷണവിതരണക്കാരനും തമ്മിലുള്ള തര്‍ക്കമാണ് വലിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. വൈകിയെത്തിയ ഭക്ഷണം വേണ്ടെന്ന് പറഞ്ഞതോടെ ഭക്ഷണവിതരണക്കാരന് ആക്രമിച്ചെന്നായിരുന്നു മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനി വൈറ്റ് ഫീല്‍ഡ് പോലീസില്‍ പാരാതി നല്‍കിയത്. മര്‍ദനത്തില്‍ മൂക്കിലുണ്ടായ മുറിവിന്റെ ചിത്രവും ഇവര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ യുവതിയുടെ മോതിരം മൂക്കില്‍തട്ടിയാണ് മുറിവുണ്ടായതെന്നും ഇത് താന്‍ മര്‍ദിച്ചുവെന്നതരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും കാമരാജിന്റെ വാദം. കമ്പനിയുടെ മികച്ച റേറ്റിങ്ങുള്ള ജീവനക്കാരനാണ് കാമരാജെന്ന് കമ്പനിയും വ്യക്തമാക്കി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ കാമരാജിന് പിന്തുണയേറി.
കാമരാജിനെ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. യുവതിയ്ക്കെതിരേ കാമരാജിന്റെ പരാതിയില്‍ കേസെടുക്കുകയും ചെയ്തു.
Content Highlights: Tanushree Dutta lashes out celebrities' for supporting Zomato delivery guy Kamaraj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..