പീഡനകഥകൾ പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കുകയാണ് ബോളിവുഡിൽ നിന്നും. പുതിയ കാലത്തെ മീ റ്റൂ കാമ്പയിനിനും എട്ട് വർഷം മുൻപ് ചങ്കുറപ്പോടെ  ബോളിവുഡിനെ ഞെട്ടിച്ചൊരു വെളിപ്പെടുത്തൽ നടത്തിയ നടി തനുശ്രീ ദത്തയാണ് വർഷങ്ങൾക്ക് ശേഷം പഴയ ആരോപണവും അതിന്റെ അനന്തരഫലവും ആവർത്തിച്ച് രംഗത്തുവന്നത്. അന്നത്തെ ആ വെളിപ്പെടുത്തലിന് താൻ കൊടുക്കേണ്ട വിലയും  വിവരിക്കുന്നുണ്ട് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ തനുശ്രീ. തനിക്ക് 2008ൽ സംഭവിച്ച കാര്യം അംഗീകരിക്കാൻ തയ്യാറാകാത്തിടത്തോളം കാലം ഇന്ത്യയിൽ മീ റ്റൂ പ്രസ്ഥാനം ജീവൻവയ്ക്കില്ലെന്നും തനുശ്രീ അഭിമുഖത്തിൽ പറഞ്ഞു.

ഹോൺ ഒകെ പ്ലീസ് എന്ന ചിത്രത്തിൽ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഒരു നടനിൽ നിന്ന് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് തനുശ്രീ 2008ൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ നടൻ ആരാണെന്ന് തുറന്നു പറയാൻ തനുശ്രീ ഒരുക്കമായിരുന്നില്ല.

സിനിമാരംഗം മുഴുവൻ കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്. എന്നാൽ, അതിൽ ഒരാൾ പോലും അതിനെ അപലപിക്കാൻ തയ്യാറായില്ല. വാർത്താ ചാനലുകളിൽ മൂന്ന് ദിവസം സജീവമായി നിലനിന്നിട്ടും ഇന്ന് ഒരൊറ്റയാൾ പോലും ആ സംഭവം ഓർക്കുന്നില്ല. ഇത്തരം കാപട്യങ്ങളെ ആര് വിശ്വസിക്കും എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സ്ത്രീശാക്തീകരണത്തിനെതിരേ ശബ്ദമുയർത്തുന്നവരാണ് ഇത്തരക്കാർ-തനുശ്രീ പറഞ്ഞു.

സത്യത്തിൽ അന്നത്തെ ആ ഗാനരംഗത്തിൽ അയാൾ ഉണ്ടായിരുന്നില്ല. താൻ ഒപ്പിട്ട കരാറിൽ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നെ അവർ അക്ഷരാർഥത്തിൽ കെണിയിൽ പെടുത്തുകയായിരുന്നു. ആ ഇന്റിമേറ്റ് രംഗത്തിൽ അയാൾക്കൊപ്പം ചുവടുവയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഞാൻ പ്രതിഷേധിച്ചു. അയാൾക്കൊപ്പം സെറ്റിൽ നിൽക്കുന്നതാൻ ബുദ്ധിമുട്ടായതുതന്നെ കാരണം. തന്റെ  ഇംഗിതത്തിന്  വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. അവർ എന്റെ കാർ തകർത്തു. ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒരു ആൾക്കൂട്ട ആക്രമണം തന്നെയായിരുന്നു അത്. ഈ സംഭവങ്ങളെല്ലാം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന അവസ്ഥയിലാണ് എന്നെ കൊണ്ടെത്തിച്ചത്. 

ഇൗ വിവാദത്തിനുശേഷം എനിക്ക് 30-40 ഓഫറുകളെല്ലാം വന്നിരുന്നു. എന്നാൽ, അക്കാലത്ത് സെറ്റിൽ പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ എനിക്ക് ചങ്കിടിപ്പായിരുന്നു. എല്ലാവരും അയാളെ പോലെയാണെന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ. ഞാൻ നല്ല ആളുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാതിരുന്ന കാലം.

അന്നത്തെ ആ സംഭവം തന്നെ ആകെ ഉലച്ചുകളഞ്ഞെന്നും തനുശ്രീ പറഞ്ഞു. മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസവും അത് തകർത്തുകളഞ്ഞു. ആ വർഷം എല്ലാ അർഥത്തിലും എനിക്ക് സങ്കീർണമായിരുന്നു. പരസ്യമായി എന്നോട് മിണ്ടാൻ തന്നെ പലരും കൂട്ടാക്കിയില്ല. അതേസമയം എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്കൊപ്പം പ്രവർത്തിക്കുകയും ചെയ്തു.

സ്വയം സമാശ്വാസം കണ്ടെത്താൻ വേണ്ടിയാണ് ഞാൻ സിനിമാരംഗത്ത് നിന്ന് മാറിനിന്നത്. ഇന്ന് എന്റെ ചിന്തകൾക്ക് കൂടുതൽ വ്യക്തതയുണ്ട്. ബോളിവുഡിൽ തിരിച്ചെത്തുകയാണെങ്കിൽ  മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഒപ്പം പ്രവർത്തിക്കുന്ന ആളുകളുടെ കാര്യത്തിലും  നൂറ് ശതമാനവും മികച്ച തീരുമാനമായിരിക്കും എന്റേത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ നിന്ന് മാറിനിൽക്കാൻ എനിക്ക് കഴിയും.

സൂപ്പർതാരങ്ങളേക്കാൾ  കുറഞ്ഞ വേതനമല്ല പ്രശ്നം. അവർക്ക് തുല്ല്യരായ പരിഗണന ഞങ്ങൾക്കും ലഭിക്കണം. ഒരു മനുഷ്യൻ എന്ന നിലയിൽ മറ്റാരേക്കാളും മോശമല്ല ഞാനും. അതുകൊണ്ട് ഏതൊരു സൂപ്പർസ്റ്റാറിനേക്കാളും ബഹുമാനം എനിക്കും ലഭിക്കണം-തനുശ്രീ പറഞ്ഞു.