ആരൂർ ദാസ് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
ചെന്നൈ: തമിഴിലെ പ്രമുഖ തിരക്കഥാകൃത്ത് ആരൂർ ദാസ് (91) അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്ത് സജീവമായിരുന്ന അദ്ദേഹം ആയിരത്തിലധികം ചലച്ചിത്രങ്ങളുടെ ഭാഗമായി. എം.ജി.ആർ., ശിവാജി ഗണേശൻ എന്നിവർ നായകന്മാരായ ചിത്രങ്ങളിലാണ് കൂടുതലായും പ്രവർത്തിച്ചത്.
1955-ൽ നദിയധാര എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. ശിവാജി ഗണേശൻ നായകനായ ജനപ്രിയ ചിത്രമായ പാസമലറിന്റെ രചന നിർവഹിച്ചതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വേട്ടക്കാരൻ, അൻപേ വാ, തായ് സൊല്ലൈ തട്ടാതെ, തനിപറവി, ആസൈമുഖം, പാർത്താൽ പസി തീരും, ദൈവമകൻ തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളാണ്.
മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽനിന്നുള്ള നൂറിലധികം മൊഴിമാറ്റ സിനിമകൾക്ക് തമിഴിൽ സംഭാഷണം എഴുതി. 1967-ൽ പെൺ എൻട്രാൽ പെൺ എന്ന സിനിമ സംവിധാനം ചെയ്തു. വടിവേലു നായകനായ തെനാലിരാമൻ ആണ് ഒടുവിൽ രചന നിർവഹിച്ച ചിത്രം.
തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കലൈഞ്ജർ കലൈത്തുറൈ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. തിരുവാരൂരിൽ ജനിച്ച ആരൂർ ദാസിന്റെ യഥാർഥ പേര് യേശുദാസ് എന്നാണ്. സിനിമയിലെത്തിയപ്പോഴാണ് പേരു മാറ്റിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര പ്രവർത്തകരും അനുശോചിച്ചു. ഭാര്യ: ബേബി. മക്കൾ: രവിചന്ദ്രൻ, താരാദേവി, ആശാദേവി.
Content Highlights: tamil scriptwriter aroor das passed away, aroor das movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..