നവാഗത സംവിധായകന്‍ പി.എസ് വിനോദ് രാജിന്റെ തമിഴ് ചിത്രം 'കൂഴങ്കള്‍'(pebbles) ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കും. നടി നയന്‍താരയും വിഘ്‌നേഷ് ശിവനുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിരുന്നു. ചെല്ലപാണ്ടി, കറുത്തതാടിയാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ഭാര്യ വീട് വിട്ടുപോകുന്നു. ഒടുവില്‍ അവരെ തിരികെയെത്തിക്കാന്‍ ഭര്‍ത്താവും മകനും പരിശ്രമിക്കുകയും ഒടുവില്‍ വിജയം നേടുന്നതുമാണ് ചിത്രത്തിന്റെ കഥ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.

14 ചിത്രങ്ങളാണ് ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിനായി ഇത്തവണ മാറ്റുരച്ചത്. നായാട്ട്, മണ്ടേല തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.

Content Highlights: Tamil movie Koozhangal is India's official entry to Oscars 2022, Nayanthara, Vignesh Shivan