ദാമ്പത്യ ബന്ധം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് സ്വര്‍ണം തട്ടിച്ച കേസില്‍ സംവിധാന സഹായി അറസ്റ്റിലായി.

തമിഴ് സിനിമാരംഗത്ത് സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന അലിംഷയാണ് അറസ്റ്റിലായത്. അലപക്കം സ്വദേശിയാണ്.

ഗ്രഹദോഷം കൊണ്ടാണ് ദാമ്പത്യബന്ധത്തില്‍ പ്രശ്‌നങ്ങളുള്ളതെന്നും അത് ശരിയാക്കാന്‍ പ്രത്യേക പ്രാര്‍ഥന നടത്തണമെന്നും ആവശ്യപ്പെട്ട് മൂന്ന് വര്‍ഷഗ മുന്‍പ് വലസരവാക്കം സ്വദേശിയായ വിജയലക്ഷ്മിയില്‍ നിന്ന് എഴുപത്തിരണ്ട് പവനാണ് അലിംഷ കവര്‍ന്നത്.

പ്രാര്‍ഥന നടക്കാതായപ്പോള്‍ വിജയലക്ഷ്മി പല തവണ അലിംഷയെ ചെന്നു കണ്ടെങ്കിലും അയാള്‍ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. ഇതിനുശേഷമാണ് വിജയലക്ഷ്മി വലസരവാക്കം പോലീസ്  സ്‌റ്റേഷനില്‍ കേസ് കൊടുത്തത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ പോലീസ് അലിംഷയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 27 പവന്‍ സ്വര്‍ണം കണ്ടെടുത്തു.