മിഴ് സിനിമാ താരം വിവേകിന്റെ വേർപാട് സിനിമാലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സിനിമാലോകത്തെ പ്രമുഖരെല്ലാം അനുശോചനം രേഖപ്പെടുത്തി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് വിവേക് തമിഴ് സിനിമാലോകത്ത് ശ്രദ്ധനേടുന്നത്. ഏത് റോളും തന്റേതായ ശൈലിയിൽ അവതരിപ്പിച്ച് മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്യൻ, റൺ, സാമി, ശിവാജി, ഷാജഹാൻ തുടങ്ങി 200-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം അഞ്ചുതവണ അദ്ദേഹത്തിന് ലഭിച്ചു. 2009-ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി.

എ.ആർ. റഹ്മാൻ, പ്രകാശ് രാജ് തുടങ്ങി നിരവധി പ്രമുഖർ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. സൂര്യ, ജ്യോതിക, കാർത്തി തുടങ്ങിയ താരങ്ങൾ വിവേകിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ചെന്നൈ വിരുഗംപക്കത്തെ താരത്തിന്റെ വസതിയിൽ നേരിട്ടെത്തി.

നേരുക്കു നേർ, പാരഴകൻ, മാട്രാൻ, സിങ്കം, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിൽ സൂര്യയോടൊപ്പവും ഖുശി, ദൂൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ജ്യോതികയോടൊപ്പവും കാശ്മോരയിൽ കാർത്തിയോടൊപ്പവും വിവേക് അഭിനയിച്ചിരുന്നു.

1987ൽ ബാലചന്ദർ സംവിധാനം ചെയ്ത മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്കുള്ള വിവേകിന്റെ കടന്നുവരവ്. ധാരാളപ്രഭു എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Content highlights :tamil actor vivek death a r rahman and prakash raj condolences and other reactions