ലോക്ഡൗണില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചതിനാല്‍ സിനിമാത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയാണ് നടീനടന്‍മാര്‍. മാനാട് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ചിമ്പു. അതിനിടയിലാണ് രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 

തന്റെ ആരാധകന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതറിഞ്ഞ് ചിമ്പു ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചുവെന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടല്ലൂരിലെ ചിമ്പുവിന്റെ ഫാന്‍സ് ക്ലബ്‌‌ പ്രസിഡന്റ് ആനന്ദനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയിലധികമായി ചികിത്സയിലാണ്. 

പരിശോധനകള്‍ക്കിടയിലും ക്ഷമയും ആത്മവിശ്വാസവും കൈവിടരുതെന്ന് ചിമ്പു ആരാധകനെ ഉപദേശിച്ചു. പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ആപത്തുകാലത്ത് ആരാധകനോട് ചിമ്പു കാണിച്ച സഹാനുഭൂതിയെ പ്രശംസിച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. 

ആരാധകരെ നിരുത്സാഹപ്പെടുത്താത്ത നടനാണ് ചിമ്പു. അതുപോലെ അവര്‍ ചെയ്യുന്ന നല്ല പ്രവൃത്തികളെ അംഗീകരിക്കാനും നന്ദി പറയാനും ചിമ്പു മടിക്കാറില്ല.

Content Highlights : tamil actor simbu talks to his corona virus infected fan over phone