ഭീകരാക്രമണങ്ങളുടെ യുദ്ധഭൂമിയായ ഇറാഖിലെ തിക്രിത്തില്‍ നിന്ന് 34 മലയാളി നെഴ്‌സുമാരെ രക്ഷിച്ചതിന്റെ ഓര്‍മ പുതുക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യഥാര്‍ഥ സംഭവത്തെ അധികരിച്ച് മഹേഷ് നാരായണന്‍ ഒരുക്കുന്ന ടേക്ക് ഓഫ് എന്ന സിനിമ റിലീസിനൊരുങ്ങുമ്പോഴാണ് കേന്ദ്ര, കേരള സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം അനുസ്മരിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഫെയസ്ബുക്കില്‍ പോസ്റ്റിട്ടത്. ചിത്രത്തിന്റെ ട്രെയിലറിനൊപ്പമാണ് ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റ്.

യു.ഡി.എഫ് സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇറാഖില്‍ നിന്ന് നെഴ്‌സുമാരെ നാട്ടിലെത്തുക എന്നത്. ഇവരെ ജീവനോടെ നാട്ടിലെത്തിക്കാനാവുമെന്ന് ആര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല. നെഴ്‌സുമാരെയും കൊണ്ടുള്ള പ്രത്യേക വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് ഏതാനും ദിവസങ്ങള്‍ മുള്‍മുനയില്‍ നിന്ന മലയാളികള്‍ക്ക് സമാധാനമായത്. ഇക്കാര്യത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായം നന്ദിപൂര്‍വം സ്മരിക്കുന്നു. ഈ സംഭവം ചിത്രീകരിക്കുന്ന 'ടേക്ക് ഓഫ്' സിനിമ, ഭീകരതയ്‌ക്കെതിരേ മനുഷ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീഷിക്കുന്നു. 'ടേക്ക് ഓഫി'ന് എല്ലാ വിജയാശംസകളും നേരുന്നു.

ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനും പി.വി.ഷാജികുമാറും ചേര്‍ന്നാണ്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പാര്‍വയിയുമാണ് പ്രധാന താരങ്ങള്‍. ചിത്രം മാര്‍ച്ച് 24ന് തിയേറ്ററുകളിലെത്തും. 

ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റ്

ഇറാഖിലെ ഭീകരാക്രമണങ്ങളുടെ മദ്ധ്യത്തില്‍ നിന്നും മലയാളി നേഴ്‌സുമാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുക എന്നത് കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു. ഭീകരുടെ മുന്നില്‍ പകച്ചു നിന്ന ഇറാഖ് ഗവണ്‍മെന്റില്‍നിന്നും കാര്യമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷ അന്നു ആര്‍ക്കും ഇല്ലായിരുന്നു. അവിടത്തെ ഗവണ്‍മെന്റിനെ മുട്ടുകുത്തിക്കുവാന്‍ എന്തും ചെയ്യുവാന്‍ മടിക്കാത്ത ഭീകരില്‍ നിന്നും മലയാളി നേഴ്‌സുമാരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ നാട്ടില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് എല്ലാവര്‍ക്കും ആശ്വാസമായത്. അതിനു തൊട്ടുമുന്‍പ് ഭീകരര്‍ തട്ടി കൊണ്ടു പോയ പഞ്ചാബിലെ 32 തൊഴിലാളികളെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ല. ഈ ദൗത്യം വിജയിച്ചത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം. കേന്ദ്ര വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും വിദേശ മന്ത്രാലയത്തിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതു നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

കേന്ദ്ര ഗവമെന്റ് പ്രത്യേകം ക്രമീകരിച്ച സ്‌പെഷ്യല്‍ ഫ്‌ളൈറ്റ് 34 മലയാളി നേഴ്‌സുമാരെയും കൊണ്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് ഏതാനും ദിവസങ്ങള്‍ മുള്‍മുനയില്‍ നി മലയാളികള്‍ക്കു സമാധാനമായത്.

ഈ സംഭവം ചിത്രീകരിക്കുന്ന 'ടേക്ക് ഓഫ്' സിനിമ, ഭീകരതയ്‌ക്കെതിരേ മനുഷ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീഷിക്കുന്നു . 'ടേക്ക് ഓഫി'ന് എല്ലാ വിജയാശംസകളും നേരുന്നു.