കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് കുടിയൊഴിപ്പിച്ച രോഗിയായ അമ്മയ്ക്കും മകള്‍ക്കും സഹായ വാഗ്ദാനവുമായി ടേക്ക് ഓഫ് സിനിമാ ടീം.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ധനകുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ഈ കുടുംബത്തിന് ടേക്ക് ഓഫ് ടീമിന്റെ വകയായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ആന്റണി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

കാഞ്ഞിരപ്പള്ളിയിലെ തിയേറ്ററില്‍ നിന്ന് സിനിമയ്ക്ക് കിട്ടുന്ന ഷെയര്‍ ഈ കുടുംബത്തിന് നല്‍കാമെന്നായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, സിനിമ ഇറങ്ങിയശേഷം മാത്രമെ ഇത് സാധിക്കുകയുള്ളു. ഇന്ന് തന്നെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഈ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് തീരുമാനിച്ചത്.

സിനിമയുടെ പേരിലാണ് ഇവര്‍ക്ക് സഹായം നല്‍കുന്നത്. 24ന് വൈകിട്ട് അഞ്ചു മണിക്ക് കാഞ്ഞിരപ്പള്ളിയില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പഞ്ചായത്ത് അധികൃതരുടെയും മറ്റും സാന്നിദ്ധ്യത്തിലായിരിക്കും ധനസഹായം നല്‍കുന്നത്''-ആന്റോ ജോസഫ് പറഞ്ഞു. 

ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍, താരങ്ങളായ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി, നിര്‍മാതാവ് ആന്റോ ജോസഫ് തുടങ്ങിയവര്‍ കാഞ്ഞിരപ്പള്ളിയില്‍ ഈ കുടുംബത്തെ കാണാന്‍ എത്തും. 

രോഗം വന്ന് കിടപ്പിലായിരുന്ന ബബിതയെ കിടക്കയോടെ പൊക്കിയെടുത്ത് ആശുപത്രിയിലാക്കിയാണ് പോലീസ് വീടൊഴിപ്പിച്ചത്. ഇവരുടെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഭര്‍തൃമാതാവ് വീടിരിക്കുന്ന സ്ഥലം മറ്റൊരു മകന് എഴുതിക്കൊടുത്തതിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത്. 44കാരിയാ ബബിത ഷാനവാസിന് 14 വയസ്സുള്ള ഒമ്പതാം ക്ലാസില്‍ പഠിക്കുന്നൊരു മകളുണ്ട്. 

പലക കൊണ്ടും തുണി കൊണ്ടും മറച്ച ഒറ്റമുറി വീട്ടിലായിരുന്നു രണ്ടംഗ കുടുംബം താമസിച്ചിരുന്നത്. ഒന്നര സെന്റ് സ്ഥലമാണ് ഇവിടെ ആകെയുള്ളത്. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കോടതിയിലേക്ക് നീണ്ടത്.