തിയേറ്ററില്‍ ഗംഭീരമായ തിരയിളക്കമാണ് ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാര്‍വതിയും ആസിഫലിയും അണിനിരന്ന ടേക്ക് ഓഫ് സൃഷ്ടിച്ചത്. മഹേഷ് നാരായണന്റെ ഒന്നാന്തരം ടേക്ക് ഓഫ്. യഥാര്‍ഥ സംഭവത്തെ പിരിമുറുക്കത്തോടെ അവതരിപ്പിച്ചതു മാത്രമല്ല, താരങ്ങളുടെ മത്സരിച്ചുള്ള അഭിനയം കൂടിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എടുത്തുപറയേണ്ടതാണ് പാര്‍വതിയുടെ പ്രകടനം. ആരാധകരുടെ മനസ്സില്‍ എല്ലാ അര്‍ഥത്തിലും കുടിയേറുന്ന ഒരു കഥാപാത്രമാണ് പാര്‍വതി അഭിനയിച്ച സമീറയെന്ന നഴ്‌സിന്റെ കഥാപാത്രം. അഭിനന്ദന പ്രവാഹമാണ് പാര്‍വതിക്ക്. മനസ് തുറന്ന അഭിനന്ദനവുമായി ഇപ്പോള്‍ എത്തിയിരിക്കുന്നത് നടന്‍ ജയസൂര്യയാണ്. അവാര്‍ഡ് മേടിക്കാന്‍ റെഡി ആയിരിക്കൂ എന്നാണ് സിനിമ കണ്ടിറങ്ങിയ ഉടനെ ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയസൂര്യ പറഞ്ഞത്.

ഈ സിനിമയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ മതിയാവില്ല. ഫഹദേ, ചാക്കോ... ഉമ്മ... ഡാ മഹേഷേ നീയാണ് യഥാര്‍ഥ ഹീറോ. (നല്ല സിനിമ വരുമ്പോ വിളിക്കരുതെടാ... ലവ് യൂ....) ജയസൂര്യ പോസ്റ്റില്‍ കുറിച്ചു.

അടുത്ത് കണ്ടിട്ടുള്ള അതിഗംഭീരമായ സിനിയാണിത്. മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നല്ലോ എന്നോര്‍ത്ത് അഭിമാനം തോന്നുന്നു. മലയാളത്തില്‍ ഇത്രയും നല്ല അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ഉണ്ടല്ലോ എന്നോര്‍ത്ത് ഒരു നടന്‍ എന്ന നിലയിലും ഒരു പ്രേക്ഷകന്‍ എന്ന നിലയിലും അഭിമാനം തോന്നുകയാണ്. പാര്‍വതിയും ഫഹദും കുഞ്ചാക്കോയും അപ ആപാരമായ പ്രകടനമാണ് പുറത്തെടുത്തത്. ഇതിനെ മറ്റൊരു സിനിമയുമായും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഹൃദയമുള്ള എല്ലാ മലയാളികളും ഈ സിനിമ കണ്ടിരിക്കണം. ഒരു പ്രേക്ഷകന്‍ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും ഇതെന്റെ അഭ്യര്‍ഥനയാണ്. എല്ലാവരും ഈ സിനിമ തിയേറ്ററില്‍ പോയി കാണണം. നാളെ ഇത് ടി.വിയില്‍ വരുമ്പോള്‍, ഇത് ഇത്രയും നല്ലൊരു സിനിമ ആയിരുന്നല്ലോ എന്ന് പറയാന്‍ ഇട വരരുത്. അത് നല്ല സിനിമയ്ക്ക് നിങ്ങള്‍ കൊടുക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും. ഈ സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡും അത് തന്നെയായിരിക്കും-ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജയസൂര്യ പറഞ്ഞു.