ഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് മികച്ച അഭിപ്രായവുമായി തിയേറ്ററില്‍ കൈയടികള്‍ നേടിക്കൊണ്ടിരിക്കുമ്പോള്‍ ധന്യയ്ക്കുമുണ്ട് അഭിമാനിക്കാനേറെ. ടേക്ക്ഓഫിലെ ഓരോ കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ നല്‍കി സിനിമയ്ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കിയത് ധന്യയാണ്. ബൈസക്കിള്‍ തീവ്‌സ്, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങി നിരവധി ഹിറ്റുകള്‍ സ്വന്തം പേരിലുണ്ടെങ്കിലും മാധ്യമങ്ങളില്‍നിന്ന് എപ്പോഴും ഒഴിഞ്ഞു നില്‍ക്കുന്ന പ്രകൃതക്കാരിയാണ് ധന്യ. നിവിന്‍ പോളിയുടെ സഖാവാണ് ഇനി ധന്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. 

'ഞാനിതുവരെ ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടേക്ക് ഓഫിലെ കഥാപാത്രങ്ങളാണ്. അതില്‍ എടുത്തു പറയേണ്ടത് പാര്‍വതി അവതരിപ്പിച്ച സമീറ എന്ന കഥാപാത്രമാണ്. സിനിമ കണ്ടിട്ടുള്ളവര്‍ ശ്രദ്ധിച്ചു കാണും സാധാരണക്കാരിയായ ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രങ്ങളാണ് പാര്‍വതി ധരിച്ചിരിക്കുന്നത്. പുത്തനെന്ന് തോന്നിക്കുന്ന വസ്ത്രങ്ങളൊന്നും പാര്‍വതിക്ക് നല്‍കിയിരുന്നില്ല. അല്‍പ്പം പഴക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങളായിരുന്നു എല്ലാം.

dhanya Balakrishnan

മറ്റ് നടിമാരായിരുന്നെങ്കില്‍ ഒരുപക്ഷെ അതിന് സമ്മതിക്കില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ശരീരത്തോട് ഒട്ടികിടക്കുന്ന തരത്തിലുള്ള ഫാഷനബിള്‍ വസ്ത്രങ്ങളായിരുന്നില്ല അവയൊന്നും. അയവുള്ളതും ശരീരത്തിന് ചേരാത്തവയുമൊക്കെയായിരുന്നു. ഇക്കാര്യം പാര്‍വതിയോട് പറഞ്ഞപ്പോള്‍ കഥാപാത്രത്തിന് എന്താണോ അനുയോജ്യം അത് തന്നാല്‍ മതി അതിന് മറ്റ് പരിഗണനകളൊന്നും നല്‍കേണ്ടന്നായിരുന്നു പാര്‍വതിയുടെ മറുപടി. പാര്‍വതിയുടെ സഹകരണമാണ് സമീറയ്ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കാന്‍ സഹായിച്ചത്.' ധന്യാ ബാലകൃഷ്ണന്‍ പറഞ്ഞു. 

ടേക്ക് ഓഫില്‍ ധന്യയ്ക്ക് ഏറ്റവും ബുദ്ധിമുട്ട് നേരിട്ടത് ഇറാഖി പട്ടാളക്കാരുടെ യൂണിഫോം ഒപ്പിച്ചെടുക്കുന്നതിനായിരുന്നു. 'ഇറാഖി പട്ടാളക്കാരുടെ യൂണിഫോം ഇവിടെ കിട്ടില്ല. ഇറാഖില്‍ പോയി മേടിക്കാനും സാധിക്കില്ല. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍നിന്ന് കുറച്ച് തുണികള്‍ കിട്ടി. പക്ഷെ, അത് അഞ്ച് പേരുടെ യൂണിഫോമിന് മാത്രമെ തികഞ്ഞുള്ളു. 30 പേര്‍ക്ക് യൂണിഫോം വേണമായിരുന്നു. അതുകൊണ്ട് കാക്കി നിറത്തിലുള്ള ഫാബ്രിക്കില്‍ യൂണിഫോം പാറ്റേണ്‍ തമിഴ്നാട്ടില്‍നിന്ന് പിന്റ് ചെയ്ത് എടുക്കുകയായിരുന്നു. ചില സിനിമകളും ഇറാഖി പട്ടാളത്തിന്റെ വെബ്‌സൈറ്റിലുമൊക്കെ നോക്കിയാണ് പാറ്റേണ്‍ നിശ്ചയിച്ചത്. അതിന് മാത്രം ലക്ഷങ്ങളുടെ ചെലവും വന്നു. റിയലിസ്റ്റിക്കായിരിക്കണം ഓരോ സീനും എന്ന് മഹേഷ് നാരായണന് നിര്‍ബന്ധം ഉണ്ടായിരുന്നത് കൊണ്ട് ഒന്നിനും തടസ്സങ്ങളുണ്ടായിരുന്നില്ല' - ധന്യ പറഞ്ഞു. 

സിനിമകളെക്കാള്‍ ധന്യ സജീവമായി നില്‍ക്കുന്നത് പരസ്യ മേഖലയിലാണ്. ഏഴു വര്‍ഷത്തെ കോസ്റ്റിയൂം ഡിസൈനിംഗ് കരിയറിനിടയില്‍ 200 ലേറെ പരസ്യങ്ങളില്‍ ജോലി ചെയ്തു കഴിഞ്ഞു. സിനിമകളുടെ എണ്ണത്തില്‍ കുറവ് വന്നതിന് കാരണവും അത് തന്നെയാണ്. പരസ്യമാകുമ്പോള്‍ സിനിമകളുടെ അത്രയും സങ്കീര്‍ണമല്ല. ടേക്ക് ഓഫും സഖാവും കഴിഞ്ഞ സ്ഥിതിക്ക് ഇനി പരസ്യത്തിലേക്ക് മടങ്ങാം എന്നതാണ് ധന്യയുടെ നിലപാട്. നിവിന്‍ പോളി നായകനായ സഖാവില്‍ രണ്ടു കാലഘട്ടങ്ങളിലായി കഥ പറയുമ്പോള്‍ നിവിന്‍ പോളിക്കുള്ള വസ്ത്രത്തിലും ഈ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ധന്യ പറയുന്നു. കേരളത്തിലെ ചില എസ്.എഫ്.ഐ നേതാക്കളായിരുന്നു വസ്ത്രാലങ്കാരത്തിന് തന്റെ റഫറന്‍സ് എന്ന് പറയുന്ന ധന്യ പക്ഷെ ആരെയാണ് റഫറന്‍സ് എടുത്തതെന്ന് പറയാന്‍ കൂട്ടാക്കിയില്ല.