സ്വാസിക | ഫോട്ടോ: മാതൃഭൂമി
വനിതാ സിനിമാപ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നടി സ്വാസിക നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ''മലയാള സിനിമ സുരക്ഷിതത്വമുള്ള ഇടമാണ്. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ ഡബ്ല്യു.സി.സി. പോലുള്ളവരെ സമീപിക്കാതെ പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടുകൂടേ''- എന്നുമാണ് സ്വാസിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
നടിയുടെ അഭിമുഖം ചര്‍ച്ചയായതോടെ ഒട്ടേറെ പേര് വിമര്‍ശനവുമായി രംഗത്ത് വന്നു. അതില്‍ എഴുത്തികാരിയായ ഭവാനി കുഞ്ഞുലക്ഷ്മി എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. നടി പാര്‍വതിയടക്കം ഒട്ടനവധിപേര്‍ ഈ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ
സ്വാസികയുടെ അഭിമുഖം കാണേണ്ടി വന്ന ഹതഭാഗ്യരായ അതിജീവിതരോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ആരും അക്രമത്തെ ക്ഷണിച്ചു വരുത്തിയതല്ല. നോ പറയാത്തത് കൊണ്ടല്ല നിങ്ങള്‍ ചൂഷണത്തിന് ഇരയായത്. അക്രമകാരികളുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ ഒരിക്കലും ഉത്തരവാദികളല്ല. അത് നിങ്ങള്‍ സ്വയം ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല.
ചൂഷണത്തിന് ഇരയായവര്‍ക്ക് അതിക്രമങ്ങള്‍ തടയാന്‍ സാധിക്കുമായിരുന്നു എന്ന് പറയുന്നതിലൂടെ സ്വാസിക അതിജീവിച്ചവരെ നിശബ്ദമാക്കുകയാണ്. ഈ വര്‍ഷം കേരളത്തില്‍ ഒക്ടോബര്‍ വരെ 2032 ബലാത്സംഗ കേസുകളും 4340 ലൈംഗികാതിക്രമ കേസുകളും ഏഴോളം സ്ത്രീധന മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വാസികയെപ്പോലുള്ളവരുടെ കുറ്റപ്പെടുത്തലുകളെ ഭയന്ന് എത്രപേര്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഇരുന്നിട്ടുണ്ടാകാമെന്നും കുറിപ്പില്‍ പറയുന്നു.
ഡബ്ല്യു.സി.സി. എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി തനിക്ക് അറിയില്ലെന്നാണ് സ്വാസിക പറഞ്ഞത്. ''ഏതെങ്കിലും ഒരു സിനിമ സെറ്റില്‍നിന്ന് എനിക്ക് മോശമായി ഒരു അനുഭവമുണ്ടായിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക. ഇവിടെ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇന്‍ഡസ്ട്രി. നമുക്ക് നമ്മുടെ രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള ഒരു ഫ്രീഡം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീല്‍ഡില്‍ നിന്നുകൊണ്ടാണ് ചിലര്‍ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. നമ്മള് ലോക്ക് ചെയ്ത റൂം നമ്മള് തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. ഞാന്‍ ലോക്ക് ചെയ്ത റൂം രാവിലെ മാത്രമേ തുറക്കൂ. അസമയത്ത് വന്ന് ഒരാള്‍ വാതിലില്‍ മുട്ടിയാല്‍ നമ്മള് എന്തിനാണ് തുറന്നു കൊടുക്കുന്നത്. അവര്‍ക്ക് സംസാരിക്കാനും കള്ളു കുടിക്കാനും എന്തിനാണ് നമ്മളൊരു സ്ഥലം ഒരുക്കിക്കൊടുക്കുന്നത്''- സാസിക പറഞ്ഞു.
Content Highlights: swasika comment about sexual allegation in Film Industry, Social Media Criticism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..