ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച വീരെ ദി വെഡ്ഡിങ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ റെക്കോഡ് കളക്ഷനാണ് നായികാപ്രാധാന്യമുള്ള ഈ ചിത്രം സ്വന്തമാക്കിയത്.

എന്നാല്‍, ഇപ്പോള്‍ ചിത്രം വാര്‍ത്തകളില്‍ ഇടം നേടുന്നത് അതിന്റെ കളക്ഷന്റെ പേരില്‍ മാത്രമല്ല. ചിത്രത്തിലെ ചില ബോള്‍ഡ് രംഗങ്ങളുടെ പേരില്‍ കൂടിയാണ്. സ്വര ഭാസ്‌ക്കറിന്റെ ഒരു സ്വയംഭോഗ രംഗമാണ് വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുന്നത്.

ഈ രംഗത്തിനെതിരെ ഒരാള്‍ നടത്തിയ വിമര്‍ശനമാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഞാന്‍ എന്റെ മുത്തശ്ശിക്കൊപ്പമാണ് വീരേ ഡി വെഡ്ഡിങ് കണ്ടത്. സ്‌ക്രീനില്‍ സ്വയംഭോഗത്തിന്റെ രംഗം വന്നപ്പോള്‍ നാണംകെട്ടുപോയി. തിയ്യറ്ററില്‍ നിന്ന് മടങ്ങുമ്പോള്‍ എന്റെ മുത്തശ്ശി പറഞ്ഞു: ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്. വീരെ ഡി വെഡ്ഡിങ് കാരണം നാണംകെട്ടിരിക്കുകയാണ്-ഇതായിരുന്നു സ്വരയെയും ആരാധകരെയും ചൊടിപ്പിച്ച ട്വീറ്റ്.

അഡള്‍ട്ട് കണ്ടന്റ് ഉണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിട്ടും ഇത്രയും സംസ്‌കാര സമ്പന്നരായവര്‍ എന്തിനാണ് മുത്തശ്ശിമാരെയും കൊണ്ട് ഇങ്ങനെയൊരു ചിത്രത്തിന് പോയതെന്നാണ് ചിലര്‍ ചോദിച്ചത്. എന്തൊക്കെയോ ചില കാരണങ്ങള്‍ കൊണ്ട്  ഇത്തരക്കാരുടെ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ മുത്തശ്ശിമാരില്‍ നിന്നും വീരെ ഡി വെഡ്ഡിങ്ങിന് വന്‍ ഡിമാന്റാണുണ്ടായിരിക്കുന്നതെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടു. സ്വയംഭോഗമെന്ന് ഇംഗ്ലീഷ് തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്തവര്‍ ചില വിചിത്രമായ കാരണങ്ങള്‍ കൊണ്ട് മുത്തശ്ശിമാരെയും കൊണ്ട് സിനിമയ്ക്ക് പോവുകയും സ്വരഭാസ്‌കറിനോട് ചോദ്യങ്ങള്‍ ചോദിക്കുകയുമാണെന്ന് മറ്റു ചിലര്‍ പരിഹസിച്ചു. ഇതിനാണ് നല്ല കണക്കിന് തന്നെ സ്വര ഭാസ്‌കര്‍ മറുപടി കൊടുത്തത്. ഏതെങ്കിലും ഐ.ടി സെല്‍ ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പോലെയുണ്ട്. ചുരുങ്ങിയത് ട്വീറ്റുകളെങ്കിലും എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള സ്വരയുടെ മറുപടി.

Content Highlights: Swara Bhasker Veere Di Wedding Masturbation Kareena KapoorKhan Sonam K Ahuja Bollywood