കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് നടി സുസ്മിത സെന്‍ നായികയായ ആര്യ എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ ഇറങ്ങി. വലിയ സ്വീകാര്യതയാണ് ആര്യ ട്രെയിലറിന് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ നല്‍കിയിരിക്കുന്നത്. പെനോസ എന്ന ഡച്ച് സീരിസിനെ ആസ്പദമാക്കിയുള്ള വെബ് സീരിസാണ് ആര്യ.

നീരജ സംവിധാനം ചെയ്ത രാം മദ്വാനിയാണ് ആര്യയും സംവിധാനം ചെയ്യുന്നത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലായിരിക്കും ആര്യ പ്രദര്‍ശനത്തിനെത്തുക. 'ഇത് പരാജയം സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്', എന്നാണ് ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് സുസ്മിത സെന്‍ യൂട്യൂബില്‍ കുറിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയജീവിതത്തിലേക്കുള്ള സുസ്മിത സെന്നിന്റെ തിരിച്ച് വരവുകൂടിയാണ് ആര്യ. 

കുടുംബത്തെ സ്‌നേഹിക്കുന്ന ഒരു സ്ത്രീയെ ചുറ്റിപറ്റിയാണ് ആര്യയുടെ കഥ പുരോഗമിക്കുന്നത്. മയക്കുമരുന്ന് റാക്കറ്റില്‍പ്പെട്ട് ഭര്‍ത്താവ് വെടിയേറ്റ് മരിച്ചു കഴിയുമ്പോള്‍ അവരുടെ ജീവിതം കീഴ്‌മേല്‍ മറിയുകയാണ്. പിന്നെ ഭര്‍ത്താവ് ബാക്കിവെച്ച് പോയതില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി കയ്യില്‍ തോക്ക് എടുക്കുന്ന നായികയെയാണ് ട്രെയിലര്‍ കാണിക്കുന്നത്.  

ജൂണ്‍ 19 മുതല്‍ 'ആര്യ' ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ ലഭിക്കുമെന്നും ട്രെയിലറില്‍ പറയുന്നു. സുസ്മിത സെന്നിനെ കൂടാതെ സികന്ദര്‍ ഖേര്‍, മനീഷ് ചൗധരി, നമിത് ദാസ് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Sushmita Sen starrer web series Aarya trailer released